പഴഞ്ഞി (തൃശൂർ): ആനപ്പാപ്പാനാകാൻ പോകുകയാണെന്ന് കത്തെഴുതി സഹപാഠിയെ ഏൽപിച്ച് വീടുവിട്ടിറങ്ങിയ മൂന്നംഗ വിദ്യാർഥി സംഘത്തെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി. എട്ടാം ക്ലാസുകാരായ സഹപാഠികളെ പേരാമംഗലത്തുനിന്നുമാണ് കണ്ടെത്തിയത്.
ക്ലാസ് കഴിഞ്ഞ് ഇവരിൽ ഒരാൾ വീട്ടിലെത്തിയിരുന്നു. പിന്നീട് ട്യൂഷന് പോകുകയാണെന്ന് പറഞ്ഞാണ് ഇറങ്ങിയത്. പാപ്പാനാകാനാണ് ആഗ്രഹമെന്നും കോട്ടയത്ത് പോവുകയാണെന്നും അന്വേഷിക്കേണ്ടെന്നും പൊലീസിൽ പരാതി കൊടുക്കരുതെന്നും മാസത്തിൽ ഒരിക്കൽ എത്തിക്കോളാമെന്നും എഴുതിവെച്ചാണ് സ്ഥലം വിട്ടത്.
വെള്ളിയാഴ്ച പുലർച്ച നാലോടെ പേരാമംഗലം തെച്ചിക്കോട്ടുകാവ് ക്ഷേത്ര മൈതാനിയിൽ നിർത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ഇവിടെ എത്തിയിരുന്നുവെന്ന സൂചനയെ തുടർന്ന് അന്വേഷണം നടത്തിയിരുന്നെങ്കിലും ആദ്യഘട്ടത്തിൽ കണ്ടെത്താനായില്ല.
പിന്നീട് കുട്ടികളിൽ ഒരാൾ പുറത്തിറങ്ങിയത് കണ്ട നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. പേരാമംഗലം പൊലീസെത്തി നടത്തിയ പരിശോധനയിൽ ബസിനുള്ളിൽനിന്ന് കുട്ടികളെ കണ്ടെത്തി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തളച്ചിരുന്ന പേരമംഗലം തെച്ചിക്കോട്ട്കാവ് ക്ഷേത്രത്തിലെത്തി തങ്ങളെ പാപ്പാന്മാർ ആക്കുമോ എന്ന് അന്വേഷിച്ചിരുന്നതായി പൊലീസ് സംഘം കണ്ടെത്തിയിരുന്നു.
നാട്ടുകാരും പൊലീസും സംഘങ്ങളായി ജില്ലയുടെ പല ഭാഗത്തും കെ.എസ്.ആർ.ടിസി ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയവ കേന്ദ്രീകരിച്ചും അന്വേഷിച്ചെങ്കിലും ഫലം ഉണ്ടായില്ല. വിദ്യാർഥികളെ പിന്നീട് കുന്നംകുളം കോടതിയിൽ ഹാജരാക്കിയ ശേഷം വീട്ടുകാരോടൊപ്പം വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.