മണ്ണുത്തി: കാർഷിക സർവകലാശാലയിൽ ഹോർട്ടികൾച്ചർ കോളജ് ഹോസ്റ്റലിൽ കാലാവസ്ഥ പഠന കേന്ദ്രത്തിലെ വിദ്യർഥികൾക്ക് താമസ സൗകര്യം അനുവദിച്ചതിനെതിരെ ബുധനാഴ്ച കെ.എസ്.യു നേതൃത്വത്തിൽ രാപ്പകൽ സമരം ആരംഭിച്ചു. വൈകീട്ട് നാലുമുതലാണ് സമരം തുടങ്ങിയത്. കാർഷിക സർവകലാശാലക്ക് കീഴിലെ കാലാവസ്ഥ പഠനകേന്ദ്രത്തിൽ 23 വിദ്യാർഥിനികളാണ് പഠിക്കുന്നത്.
ഹോസ്റ്റൽ സൗകര്യം കൃത്യമായി ലഭ്യമല്ലാതിരുന്ന ഇവർ നേരത്തേ ഫാർമേഴ്സ് ഹോസ്റ്റലിൽ കുറച്ചുകാലം താമസിച്ചിരുന്നു. പിന്നീട് ഹോർട്ടികൾചർ ഹോസ്റ്റലായ ‘പമ്പ’യിലേക്ക് മാറി. വിദ്യാർഥികൾ കുറവായതിനാലാണ് ഹോസ്റ്റലിന്റെ ഒരുഭാഗം ഇവർക്ക് നൽകിയത്. എന്നാൽ, സൗകര്യത്തിന്റെ പേരിൽ ഹോസ്റ്റൽ പൂർണമായും വിട്ടുകിട്ടണമെന്ന് ഹോർട്ടികൾച്ചർ വിദ്യാർഥി-വിദ്യാർഥിനികൾ ആവശ്യപ്പെട്ടു. ഹോസ്റ്റൽ പൂട്ടിട്ട് പൂട്ടുകയും ചെയ്തിരുന്നു. ഇത് തകർത്ത് അധികൃതരുടെ ഒത്താശയോടെ കാലാവസ്ഥ പഠനകേന്ദ്രത്തിലെ വിദ്യാർഥിനികൾ താമസിക്കുകയായിരുന്നെന്ന് ഹോർട്ടികൾച്ചർ വിദ്യാർഥിനികൾ പറയുന്നു.
വൈസ് ചാൻസലറുടെ അഭാവത്തിൽ രജിസ്ട്രാർ ആയിരുന്നു ഹോർട്ടികൾചർ കോളജ് ഹോസ്റ്റലിൽ വിദ്യാർഥികളെ താമസിക്കാൻ തീരുമാനമെടുത്തത്. നടപടി കൂടുതൽ പ്രശ്നങ്ങൾക്ക് ഇടവരുത്തുമെന്നും രജിസ്ട്രാറുടെ ഈ നടപടി അംഗീകരിക്കാനാവില്ല എന്നും സമരംചെയ്യുന്ന വിദ്യാർഥികൾ പറയുന്നു. കെ.എസ്.യു ഭരവാഹികളായ ബ്ലസൻ വർഗീസ്, അലവി ദേശമംഗലം അബ്രഹാം എൽ.സി യൂനിറ്റ് ഭാരവാഹികളായ പി.ആർ. അനുജ്, അഭി അബ്രഹാം എന്നിവരുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. സമരത്തിന് ഐക്യദർഢ്യവുമായി യൂത്ത് കോൺഗ്രസ് ഭാരവാഹികളായ സി. പ്രമോദ്, ഒ.ജെ. ജെനിഷ്, എൻസൻ ആൻറണി, സി.വി. വിമൽ എന്നിവർ സമരവേദിയിൽ എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.