അന്തിക്കാട്: പഴുവിലിൽ സി.പി.ഐ കുറുമ്പിലാവ് ലോക്കൽ കമ്മിറ്റി ഓഫീസും വീടും അടിച്ചു തകർത്ത കേസിലെ പൊലീസ് പ്രതികളെ പിടികൂടിയത് മൂന്ന് സ്ഥലങ്ങളിൽ ഒളിത്താവളം വളഞ്ഞ്. രണ്ടു ദിവസം രാപകൽ ഉറക്കം ഒഴിച്ചുള്ള ഓപറേഷനിലാണ് ക്രിമിനലുകൾ പിടിയിലായത്. ഇതോടെ രണ്ടു ദിവസം പല സംഘങ്ങളായി റൂറൽ എസ്.പി നവനീത് ശർമയുടെ നേതൃത്വത്തിൽ ഡിവൈ.എസ്.പി. കെ.ജി. സുരേഷ്, എസ്.ഐ കെ. അജിത്ത് എന്നിവരും സംഘവും നടത്തിയ ഓപറേഷന് പരിസമാപ്തിയായി.
ചൊവ്വാഴ്ച അർധരാത്രിയോടെ പഴുവിൽ സ്വദേശി വലിയപറമ്പിൽ വീട്ടിൽ അമൽരാജിനെയാണ് (24) കോടാലി വാസുപുരത്തെ ബന്ധുവീട്ടിൽനിന്ന് ആദ്യം അന്വേഷണ സംഘം പൊക്കിയത്. ടെറസ് വീടിന് മുകളിൽ കാർഡ് ബോർഡ് കൊണ്ട് ചെറിയ കൂടാരം ഉണ്ടാക്കി അതിനുള്ളിൽ ഒളിച്ചു കഴിയുകയായിരുന്നു ഇയാൾ. അന്നു രാത്രി തന്നെ പഴുവിൽ സ്വദേശി പൊറ്റേക്കാട്ട് വീട്ടിൽ മണികണ്ഠനെയും (52)പിടികൂടി.
സംഭവശേഷം രാത്രി മണികണ്ഠന്റെ വീട്ടിലാണ് അക്രമി സംഘം താമസിച്ചത്. പിറ്റേന്ന് പറമ്പുകളിലൂടെ നടന്നും ഉൾവഴികളിലൂടെയുമായി രക്ഷപ്പെട്ട് ഇവർ കാട്ടൂരിൽ ഓട്ടോ ഡ്രൈവറായ അജീഷിന്റെ വീട്ടിലെത്തി വീടിനു മുകളിൽ രാത്രി തങ്ങി.
വ്യാഴാഴ്ച പുലർച്ചെ അജീഷിന്റെ ഓട്ടോയിൽ രക്ഷപ്പെട്ടാണ് കയ്പമംഗലം വഴിയമ്പലത്തെത്തി മറ്റൊരു കാപ്പ കേസ് പ്രതി അർജ്ജുൻ തമ്പിയുടെ അടുത്ത് അഭയം തേടിയത്. അർജ്ജുൻതമ്പിയുടെ സുഹൃത്ത് വഴിയമ്പലം സ്വദേശി പുത്തൂർ വീട്ടിൽ സൂരജിന്റെ വാടക വീട്ടിൽ ഒളിച്ചു കഴിയുന്നതിനിടെ ബുധനാഴ്ച വൈകീട്ട് അഞ്ചോടെ ഡിവൈ.എസ്.പിയും സംഘവും വീട് വളഞ്ഞാണ് പ്രധാന പ്രതികളായ കുപ്രസിദ്ധ ഗുണ്ട പഴുവിൽ സ്വദേശി ഉണ്ണിമോൻ എന്ന രഞ്ജിത്ത്, ശരത്ചന്ദ്രൻ, രോഹൻ, ജിഞ്ചിലം ദിനേശ്, അർജ്ജുൻ തമ്പി, സൂരജ് എന്നിവരെ പിടികൂടിയത്. പൊലീസ് സംഘം വീട് വളയുന്നതിനിടെ വീടിനു മുകളിൽ നിന്ന് ചാടി ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പിന്തുടർന്നാണ് സാഹസികമായി പിടികൂടിയത്.
പ്രതികൾ സ്ഥിരം ക്രിമിനലുകൾ
അന്തിക്കാട്: പഴുവിലിൽ വീടും സി.പി.ഐ പാർട്ടി ഓഫിസും തകർത്ത സംഭവത്തിലെ പ്രതികളെല്ലാം സ്ഥിരം ക്രിമിനലുകളും മയക്കുമരുന്നിനും മദ്യത്തിനും അടിമകളും.
ആക്രമണത്തിന് ശേഷം മൂന്നു വീടുകളിൽ നിന്നായാണ് പ്രതികളെ ഡിവൈ.എസ്.പിയും സംഘവും കണ്ടെത്തി പിടികൂടിയത്. എന്നാൽ ഇവർ തമ്പടിച്ചതറിഞ്ഞിട്ടും നാട്ടുകാർ അനങ്ങിയില്ല. ഇവർക്കെതിരെ പൊതു സമൂഹം ജാഗ്രത പാലിക്കണമെന്നും ഇത്തരം ക്രിമിനൽ മയക്കുമരുന്ന് സംഘങ്ങൾ സംഘടിക്കുന്ന വീടുകളെക്കുറിച്ച് പൊലീസിനെ അറിയക്കണമെന്നും ഇരിങ്ങാലക്കുട ഡിവൈ.എസ്.പി കെ.ജി. സുരേഷ് അറിയിച്ചു.
കാട്ടൂരിലെ വീട്ടിൽനിന്ന് പിടികൂടിയ സംഘത്തിൽ ഏറെയും ചെറുപ്രായക്കാരായിരുന്നു. ഇവരിൽ കൊലക്കേസ് പ്രതിയും കാപ്പ കരുതൽ തടങ്കലിൽ നിന്ന് ഇറങ്ങിയവരും ഉണ്ടായിരുന്നു.
സ്കൂൾ വിദ്യാർഥികളടക്കമുള്ള പ്രായപൂർത്തിയാകാത്ത കുട്ടികളെ പറഞ്ഞ് പ്രലോഭിപ്പിച്ച് മയക്കുമരുന്നും മദ്യവും നൽകി അടിമകളാക്കി സംഘത്തിൽപ്പെടുത്തുകയായിരുന്നെന്നാണ് പൊലീസിന് ലഭിച്ച വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.