ആമ്പല്ലൂർ: പാലിയേക്കര ടോള്‍ പ്ലാസയിലെ പൊതുശൗചാലയത്തിലെ ശുചിമുറി മാലിന്യം കാനയിലേക്കൊഴുക്കുന്നു. സംഭവമറിഞ്ഞ് നാട്ടുകാർ എത്തിയതോടെ മാലിന്യം പുറത്തേക്ക് ഒഴുക്കുന്നത് നിർത്തി. മാസങ്ങളായി ഇത്തരത്തിൽ മാലിന്യം പാടത്തേക്ക് ഒഴുക്കി വിടുന്നതുമൂലം പ്രദേശത്തെ കിണറുകൾ മലിനമായതായി നാട്ടുകാർ പറഞ്ഞു. പാടത്തേക്ക് ഒഴുക്കുന്ന മാലിന്യം കാനകളിലൂടെ മണലി പുഴയിലാണ് എത്തുന്നത്. പാടത്തിനരികിൽ താമസിക്കുന്നവരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. പാടത്തിന്റെ പല ഭാഗങ്ങളിലായി കെട്ടിക്കിടക്കുന്ന മലിനജലം കിണറുകളിൽ കലരുന്നതായി നാട്ടുകാർ പറയുന്നു. ഇത്തരത്തിൽ ശുചിമുറി മാലിന്യം പുറത്തേക്ക് ഒഴുക്കുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി എടുത്തില്ലെന്ന ആക്ഷേപമുണ്ട്. നെന്മണിക്കര പഞ്ചായത്തംഗം രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ പ്രദേശവാസികൾ സ്ഥലത്തെത്തി ടോൾ കമ്പനിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു. ജനങ്ങളെ ദ്രോഹിക്കുന്ന ടോള്‍ അധികൃതരുടെ നിലപാടിനെതിരെ നടപടിയെടുക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും ആരും ചെവിക്കൊള്ളുന്നില്ലെന്ന് പഞ്ചായത്തംഗം രാജേഷ് കുമാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.