തൃശൂർ: ഗുണ്ടസംഘങ്ങള്‍ തമ്മിലുള്ള വിരോധത്താല്‍ വീടിന് ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഗുണ്ടനേതാവ് കടവി രഞ്ജിത്തിനും കൂട്ടാളികൾക്കും 17 വർഷം കഠിന തടവിനും 5000 രൂപ പിഴയൊടുക്കാനും ശിക്ഷ. ഗുണ്ടനേതാവായിരുന്ന ദുർഗപ്രസാദിന്റെ സംഘത്തിലെ പ്രധാനി ദൊരൈ ബാബുവിന്റെ അളിയൻ കണിമംഗലം വട്ടപ്പിനിന്നി കുന്നമ്പത്ത് വീട്ടിൽ സന്ദീപിനെ (41) വീട്ടിൽ അതിക്രമിച്ചുകയറി ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്.
ചിയ്യാരംകടവി വീട്ടിൽ രഞ്ജിത്ത് (കടവി രഞ്ജിത്ത് -40), കണിമംഗലം വട്ടപ്പിന്നി തയ്യില്‍ വീട്ടില്‍ സജേഷ് (പാണി - 46), കൂര്‍ക്കഞ്ചേരി വടൂക്കര കാഞ്ഞിരംകോട് വീട്ടില്‍ അനിൽ (പുല്ലൻ -36) എന്നിവരെയാണ് 17 വര്‍ഷം കഠിനതടവിനും 5000 രൂപ പിഴയടക്കാനും തൃശൂര്‍ നാലാം അഡീഷനല്‍ ജില്ല ജഡ്ജി കെ.വി. രജനീഷ് ശിക്ഷിച്ചത്. 2011 ജൂലൈ 27ന് രാത്രിയിലാണ് സംഭവം. കേസിലെ പ്രധാന പ്രതികള്‍ മറ്റൊരു ഗുണ്ടനേതാവായിരുന്ന ചാപ്ലി ബിജുവിന്റെ സംഘങ്ങളാണ്. ഈ കേസിലെ പ്രതികളില്‍ ചിലര്‍ സന്ദീപിന്റെ അളിയന് ദൊരൈബാബുവിനെ 2007ല്‍ കൊലപ്പെടുത്തിയിരുന്നു. ഈ കൊലപാതകസംഘത്തിലെ പ്രധാന പ്രതിയായ സോണിയപ്പനെ സന്ദീപും സംഘവും ചേര്‍ന്ന് 2008ല്‍ കൊലപ്പെടുത്തിയിരുന്നു.
സോണിയപ്പന്‍ കടവി രഞ്ജിത്തിന്റെ സംഘാംഗവും സന്തത സഹചാരിയും ആത്മ സുഹൃത്തുമായിരുന്നു. സോണിയപ്പനെ കൊലപ്പെടുത്തിയ വിരോധത്തിലാണ് സന്ദീപിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.നെടുപുഴ എസ്.ഐയായിരുന്ന പി.എസ്. സുനില്‍കുമാറാണ് കേസ് രജിസ്റ്റർ ചെയ്തത്. വെസ്റ്റ് സി.ഐ ആയിരുന്ന എ. രാമചന്ദ്രനാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 47 രേഖകളും 11 തൊണ്ടിമുതലുകളും കോടതിയില്‍ ഹാജറാക്കി. 15 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തിരുന്നു.
കേസിന്റെ വിചാരണവേളയില്‍ ഒന്നാം സാക്ഷി സന്ദീപ് കൂറുമാറി. മറ്റു ദൃക്സാക്ഷി മൊഴികളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്. കേസില്‍ പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. ഡിനി ലക്ഷ്മണ്, അഭിഭാഷകരായ എം.ആര്. ശ്രീലക്ഷ്മി, ഇ.ബി. അര്‍ഷ, കെ.എസ്. ധീരജ് എന്നിവര്‍ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.