എറിയാട്: അഴീക്കോട്-മുനമ്പം കടത്തു ബോട്ട് വീണ്ടും ഓടിത്തുടങ്ങി. വെള്ളിയാഴ്ച രാവിലെയാണ് സർവിസ് ആരംഭിച്ചത്. ഉച്ചക്ക് യന്ത്രത്തകരാർ മൂലം അൽപനേരം തടസപ്പെട്ടെങ്കിലും വൈകാതെ പരിഹരിച്ച് സർവിസ് പുനരാരംഭിച്ചു.
നേരത്തെ, അഴീക്കോട്-മുനമ്പം പാലം നിർമാണത്തിന്റെ ഭാഗമായി ബോട്ട് നാല് മാസത്തോളം നിർത്തിവച്ചിരുന്നു. പിന്നീട് മുനമ്പത്ത് പുതിയ കടവിൽ ബോട്ട് ജെട്ടി നിർമിച്ച് സർവിസ് ആരംഭിച്ചെങ്കിലും കടവിൽ മണലും ചെളിയും അടിഞ്ഞതോടെ വേലിയിറക്ക നേരങ്ങളിൽ ബോട്ട് അടുപ്പിക്കാൻ കഴിയാതെ സർവിസ് നിർത്തുകയായിരുന്നു. കടവിൽനിന്ന് മണലും ചെളിയും നീക്കം ചെയ്ത ശേഷമാണ് ബോട്ട് ഓടിത്തുടങ്ങിയത്.
നാല് മാസം കടത്ത് മുടങ്ങിയതിനാൽ ഇതുവഴി യാത്ര ചെയ്തിരുന്ന വിദ്യാർഥികളും ജോലിക്കാരും മുനമ്പം ഹാർബറിലേക്ക് പോകുന്ന മത്സ്യത്തൊഴിലാളികളും ഉൾപ്പെടെ നിരവധിപേർ ദുരിതത്തിലായിരുന്നു. കോട്ടപ്പുറം-മൂത്തകുന്നം പാലം വഴി രണ്ടും മൂന്നും ബസുകൾ മാറിക്കയറി 12 കിലോമീറ്ററിലേറെ ചുറ്റി സഞ്ചരിച്ചാണ് യാത്ര ചെയ്തിരുന്നത്. കടത്ത് നിലച്ചതിനെ തുടർന്ന് ഒന്നിലേറെ പ്രാവശ്യം കായൽ നീന്തിയുള്ള സമരങ്ങൾ അടക്കം നിരവധി പ്രതിഷേധ പരിപാടികൾ അരങ്ങേറിയിരുന്നു. ഒടുവിൽ ജില്ല പഞ്ചായത്ത് മുനമ്പത്ത് മറ്റൊരു കടവ് കണ്ടെത്തി താൽക്കാലിക പാലം നിർമിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.