തൃശൂർ: തൃശൂർ പൂരത്തിന് വടക്കുന്നാഥ ക്ഷേത്രത്തിൽ ചെരുപ്പ് ധരിച്ച് പ്രവേശിക്കുന്നത് വിലക്കിയ ഹൈകോടതിയിൽ വിമർശനം. വിധി അപ്രായോഗികമാണെന്നും വ്യക്തയില്ലാത്തതാണെന്നും ക്ഷേത്ര ഉപദേശക സമിതി തന്നെ വിമർശിക്കുന്നു. വടക്കുന്നാഥ ക്ഷേത്ര പരിസരം എന്നാണ് വിധിയിൽ പറഞ്ഞിട്ടുള്ളത്. അങ്ങനെയെങ്കിൽ റൗണ്ട് മുതൽ തേക്കിൻകാട് മൈതാനമടക്കം ഉൾപ്പെടുന്നതാണ്. വടക്കുന്നാഥൻ ഗോപുരത്തിനകത്താണ് ഇലഞ്ഞിത്തറ മേളം നടക്കുന്നത്. അതിനുള്ളിലെ ചുറ്റമ്പലത്തിലാണ് പ്രതിഷ്ഠകളുള്ളത്. പൂരത്തിന് വിദേശത്ത് നിന്നടക്കം ജാതിഭേദമില്ലാതെ പതിനായിരങ്ങൾ എത്തുന്നതാണ്.
ഇലഞ്ഞിത്തറ മേളം നടക്കുന്ന ഗോപുരത്തിനകത്തേക്കും ആയിരങ്ങളെത്തും. സുരക്ഷാ ചുമതലയിലുള്ള പൊലീസുകാർ, മറ്റ് മേളക്കാർ, ആനക്കാർ, കാണികൾ ഉൾപ്പെടെയുള്ളവർക്ക് ചെരിപ്പുകൾ ഒരിടത്ത് വെച്ച് പോകാനാവില്ല. മാത്രമല്ല, പൂരം നാളിൽ ശുദ്ധികർമത്തിനുശേഷമാണ് നടതുറക്കുക. ഇതിന് ശേഷം നാല് ദിവസമെടുത്തുള്ള വിശദമായ ശുദ്ധി ക്രിയകളും നടത്തുന്നുണ്ട്.
നേരത്തെ സമാന ഇത്തരമൊരു നിർദേശം ഉയർന്നിരുന്നുവെങ്കിലും പ്രായോഗികമല്ലെന്നും ശുദ്ധിക്രിയകൾ നടക്കുന്നതിനാൽ ചെരുപ്പ് ധരിക്കുന്നതിൽ തെറ്റില്ലെന്നുമുള്ള താന്ത്രികാഭിപ്രായം കൂടി കണക്കിലെടുത്താണ് മാറ്റം വരുത്തിയത്. വിശദവിധി പകർപ്പ് ലഭിച്ച ശേഷം ഹൈകോടതി വിധിയിൽ തുടർനടപടികളെന്തെന്നതിനെ കുറിച്ച് തന്ത്രിമാരുടെ അഭിപ്രായം കേട്ടശേഷം തുടർനടപടികളിലേക്ക് കടക്കാനാണ് ബോർഡ് ആലോചിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.