തൃശൂര്‍: കരുവന്നൂർ സഹകരണ ബാങ്കിൽ നിന്നെടുത്ത വായ്പ തിരിച്ചടക്കാനാകാത്ത വിഷമത്തില്‍ ഒരാള്‍ കൂടി ആത്മഹത്യ ചെയ്തു. മാപ്രാണം താളികക്കോണം സ്വദേശി ജോസ് (62) ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസമാണ് ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് വന്നത്. ഇതോടെ കടുത്ത മാനസിക സമ്മർദത്തിലായിരുന്നു ജോസെന്ന് ബന്ധുക്കള്‍ പറയുന്നു. കൽപ്പണിക്കാരനായിരുന്ന ജോസ് മകളുടെ വിവാഹ ആവശ്യത്തിനായി നാല് ലക്ഷം രൂപയാണ് ബാങ്കില്‍ നിന്ന് വായ്പയെടുത്തിരുന്നത്. ബാങ്കില്‍ നിന്ന് പണം അടക്കാനായി ആവശ്യപ്പെട്ടിരുന്നു. കോവിഡ് കാലമായതോടെ ജോസിന് കാര്യമായ ജോലിയൊന്നുമുണ്ടായിരുന്നില്ല. അതിനാൽ പലതവണ വായ്പ തിരിച്ചടവ് മുടങ്ങി. ഇതിനുപിന്നാലെയാണ് ജപ്തി നോട്ടീസ് വന്നത്. ഉടൻ പണം തിരിച്ചടച്ചില്ലെങ്കിൽ ജപ്തി നടപടികളുമായി മുന്നോട്ടുപോകുമെന്ന് ബാങ്ക് ജീവനക്കാർ പല തവണ ജോസിനെ ഫോണില്‍ വിളിച്ച് പറഞ്ഞിരുന്നതായി വാര്‍ഡ് കൗണ്‍സിലര്‍ പറഞ്ഞു. കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട് രണ്ടാമത്തെ ആത്മഹത്യയാണിത്.
ഫിലോമിനയാണ് ഭാര്യ. മക്കൾ: ജോഫിന, ഫിൽജോ. ഇക്കഴിഞ്ഞ ജൂലൈയില്‍ കരുവന്നൂർ സഹകരണ ബാങ്കിൽനിന്ന് വായ്പയെടുത്ത കോൺഗ്രസ് നേതാവും മുൻ പഞ്ചായത്തംഗവുമായ ടി.എം. മുകുന്ദന് (59) ആത്മഹത്യ ചെയ്തിരുന്നു. ബാങ്കില്‍ നിന്ന് 16.3 സെൻറ് സ്ഥലവും വീടും പണയം വെച്ച് 80 ലക്ഷം രൂപ വായ്പയെടുത്ത മുകുന്ദന് ജപ്തി നോട്ടീസ് ലഭിച്ചതിന് പിന്നാലെയായിരുന്നു ആത്മഹത്യ.
എന്നാൽ, ആരോപണം ബാങ്ക് സെക്രട്ടറി (ഇന്‍ചാര്‍ജ്) നിഷേധിച്ചു. ജോസ് ആധാരം പണയപ്പെടുത്തി 2019 ഡിസംബര്‍ 30ന് 4,50,000 രൂപ വായ്പയെടുത്തിരുന്നു. 4,19,929 രൂപ വായ്പ ബാക്കിയുണ്ട്. ഈ വായ്പയില്‍ 13 തവണ മുടക്കുപ്രകാരം 71,637 രൂപയാണ് കുടിശ്ശിക. എല്ലാ കുടിശ്ശിക വായ്പകള്‍ക്കും നോട്ടീസയക്കുന്ന കൂട്ടത്തില്‍ ഇദ്ദേഹത്തിനും ഏപ്രില്‍ 17ന് നോട്ടീസയച്ചിരുന്നു. തുടര്‍ന്ന് ഏപ്രില്‍ 30ന് ബാങ്കില്‍ നേരിട്ടെത്തി 15,000 രൂപയും ജൂണ്‍ 28 ന് 4,500 രൂപയും വായ്പയിലേക്കടച്ചിട്ടുണ്ട്. ഇതിനുശേഷം ബാങ്കില്‍ നിന്ന് നോട്ടീസക്കുകയോ, നേരിട്ട് ബന്ധപ്പെടുകയോ, വായ്പ ഉടൻ അടച്ചുതീര്‍ക്കാന്‍ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. തിരിച്ചടക്കുന്നതുമായി ബന്ധപ്പെട്ട് സാമ്പത്തിക ബുദ്ധിമുട്ടുള്ളതായും ഇദ്ദേഹം അറിയിച്ചിട്ടില്ല. ജപ്തി നടപടികളുടെ മുന്നോടിയായ ആര്ബിട്രേഷന് എക്സിക്യൂഷന് നടപടികള്‍ ഈ വായ്പയില്‍ ഉണ്ടായിട്ടില്ലെന്നും സെക്രട്ടറി അറിയിച്ചു.
കരുവന്നൂര്‍ ബാങ്ക് അധികൃതര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം –കോണ്‍ഗ്രസ്
ഇരിങ്ങാലക്കുട: ആലപ്പാടന്‍ ജോസിെൻറ ആത്മഹത്യയില്‍ കരുവന്നൂര്‍ ബാങ്ക് അധികൃതര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ബാങ്ക് അധികൃതരുടെ നിരന്തര ഭീഷണിയും കടുത്ത സമ്മർദവും മൂലമാണ് ആത്മഹത്യ ചെയ്തത്.സി.പി.എം അനുഭാവികളുടെ വലിയ കുടിശ്ശിക ഉണ്ടെങ്കിലും നോട്ടീസ് പോലും അയക്കാറില്ല. വിവേചനപരമായ ഇത്തരം നടപടികളില്‍നിന്ന് ബാങ്ക് അധികൃതര്‍ പിന്മാറണമെന്നും സര്‍ക്കാര്‍ ഈ കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്നും കോണ്‍ഗ്രസ് യോഗം ആവശ്യപ്പെട്ടു. ഡി.സി.സി ജനറല്‍ സെക്രട്ടറി ആേൻറാ പെരുമ്പിള്ളി, ബൈജു കുറ്റിക്കാടന്‍, അഡ്വ. പി.എന്‍. സുരേഷ്, ലിംഗ്സണ്‍ ചാക്കോര്യ, വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
ബി.ജെ.പി 'ശവപ്പെട്ടി സമരം'
ഇരിങ്ങാലക്കുട: കരുവന്നൂര്‍ ബാങ്കിൽ രണ്ടാമതും ഒരാളെ ആത്മഹത്യയിലെത്തിച്ചതില് പ്രതിഷേധിച്ച് ബി.ജെ.പി നിയോജകമണ്ഡലം കമ്മിറ്റി ബാങ്ക് ഹെഡ് ഓഫിസിനു മുമ്പില്‍ 'ശവപ്പെട്ടി സമരം' സംഘടിപ്പിച്ചു.ജില്ല പ്രസിഡൻറ് അഡ്വ. കെ.കെ. അനീഷ് കുമാര്‍ പ്രതീകാത്മകമായി ശവപ്പെട്ടിയില്‍ റീത്ത് സമര്‍പ്പിച്ചു. കൃപേഷ് ചെമ്മണ്ട അധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന സെക്രട്ടറി ബിജോയ് തോമസ്, ജില്ല സെക്രട്ടറി കവിത ബിജു, മണ്ഡലം ജനറല്‍ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, അഖിലാഷ് വിശ്വനാഥന്, ഷാജൂട്ടന്‍, സി.സി. മുരളി, ഷിയാസ് പാളയംകോട്ട് തുടങ്ങിയവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.