തൃശൂർ: എടുക്കാത്ത വായ്പയുടെ പേരിൽ കിടപ്പാടം ജപ്തി ചെയ്തതായി പരാതി. നെടുപുഴ വട്ടപ്പിന്നി കൊച്ചുകുളത്തിൽ ഷാബുവിന്റെ വീടും പറമ്പുമാണ് ലേലം ചെയ്തത്. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിൽ ഇ.ഡി പരിശോധനയും അന്വേഷണവും നടക്കുന്ന തൃശൂർ സഹകരണ ബാങ്ക് ആണ് ലേലം ചെയ്തതായി കാണിച്ച് ഷാബുവിന് കഴിഞ്ഞ ദിവസം കത്ത് അയച്ചത്.
തൃശൂർ സഹകരണ ബാങ്കിന്റെ കൂർക്കഞ്ചേരി ശാഖയിൽനിന്ന് നേരത്തേ ഷാബു വായ്പയെടുത്തിരുന്നു. എന്നാൽ, ജപ്തി ചെയ്തത് ശക്തൻ ശാഖയിൽനിന്ന് വായ്പയെടുത്തതെന്ന് കാണിച്ചാണ്. ഇവിടെനിന്നാവട്ടെ ഷാബു വായ്പയെടുത്തിട്ടുമില്ല. ആ ശാഖയുമായി ഇടപാടുകളുമില്ല.
ബാങ്കുമായി ബന്ധപ്പെട്ട ആക്ഷേപത്തിൽ തൃശൂർ വിജിലൻസ് കോടതിയിൽ ഷാബു നൽകിയ ഹരജിയിൽ വിചാരണ നടക്കുന്നതിനിടെയാണ് എടുക്കാത്ത വായ്പയുടെ പേരിൽ ലേലം ചെയ്തതായി അറിയിച്ചിരിക്കുന്നത്. ലേല തുകയും അഞ്ച് ശതമാനം പിഴ പലിശയും ചേർത്ത് 30 ദിവസത്തിനുള്ളിൽ തിരിച്ചടച്ചാൽ വീടും പറമ്പും തിരിച്ചെടുക്കാമെന്ന് ലേലം ചെയ്തതായുള്ള കത്തിൽ പറയുന്നു.
പ്രായമുള്ള അമ്മയെയും ഭാര്യയെയും അവിവാഹിതയായ മകളെയും കൂട്ടി എങ്ങോട്ടു പോകണമെന്നറിയാത്ത അവസ്ഥയിലാണ് ലോട്ടറി വിൽപനക്കാരനായ ഷാബു. മകളുടെ വിവാഹാവശ്യത്തിനായി വീടിന്റെ ആധാരം പണയപ്പെടുത്തി 2016ൽ തൃശൂർ സഹകരണ ബാങ്കിന്റെ കൂർക്കഞ്ചേരി ശാഖയിൽനിന്ന് നാലുലക്ഷം വായ്പയെടുത്തിരുന്നു.
ഇത് ഏഴുതവണ കൃത്യമായി തിരിച്ചടച്ചു. മകൾക്ക് മൂന്നുതവണ ശസ്ത്രക്രിയയും ചികിത്സയും പിന്നാലെ കോവിഡുമെത്തിയതോടെ തിരിച്ചടവ് മുടങ്ങി. ജപ്തി നോട്ടീസ് ലഭിച്ചതോടെ ബാങ്കിന്റെ അദാലത്തിൽ പങ്കെടുത്ത് വീടും പറമ്പും വിറ്റ് വായ്പ തിരിച്ചടക്കാമെന്നറിയിച്ചിരുന്നു.
ഇതിനിടെയാണ് 2020ൽ ബാങ്കിന്റെതന്നെ ശക്തൻ ശാഖയിൽനിന്ന് ജപ്തി നോട്ടീസ് ലഭിക്കുന്നത്. ഈ ശാഖയുമായി ഒരു ബന്ധവുമില്ലെന്നിരിക്കെ വായ്പയെടുത്തത് എത്രയെന്നോ കുടിശ്ശിക എത്രയെന്നോ കാണിക്കാതെയായിരുന്നു നോട്ടീസ്. ബാങ്കിനെ സമീപിച്ചുവെങ്കിലും പല കാരണങ്ങൾ പറഞ്ഞൊഴിഞ്ഞു. വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയതിലും മറ്റു ന്യായീകരണങ്ങൾ പറഞ്ഞ് വ്യക്തത നൽകിയില്ല.
ഇതോടെയാണ് വിജിലൻസ് കോടതിയെ സമീപിച്ചത്. ഹരജിയിൽ വിചാരണ നടക്കുന്നതിനിടയിലാണ് കഴിഞ്ഞ 20ന് 7.63 ലക്ഷം രൂപക്ക് വീടും പറമ്പും ലേലം ചെയ്തെന്നും ഒഴിയണമെന്നും നിർദേശിച്ച് ബാങ്കിൽനിന്ന് കത്ത് ലഭിച്ചത്. ജപ്തി ചെയ്തതായി കാണിച്ച് ബാങ്ക് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. കോടതിയെതന്നെ സമീപിക്കാനാണ് ഷാബുവിന്റെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.