അരിമ്പൂർ: ഓട്ടക്കാരന്റെ ചികിത്സ ഫണ്ട് സ്വരൂപിക്കാൻ കാനോലി കനാലിൽ നീന്തി റോണി പുലിക്കോടൻ (45). ദീർഘദൂര ഓട്ട മത്സരങ്ങളിൽ സ്ഥിരം സാന്നിധ്യമായിരുന്ന അരിമ്പൂർ ഉദയനഗർ സ്വദേശി എടക്കാട്ട് ചന്ദ്രന്റെ മകൻ വിനോദാണ് (48) അർബുദം പിടിപെട്ട് കാൽ മുറിക്കേണ്ടിവന്നതോടെ ചികിത്സ സഹായം തേടുന്നത്. ചികിത്സക്കും ജീവിക്കാനുമുള്ള ചെലവ് കണ്ടെത്താൻ കുടുംബം പ്രയാസപ്പെടുകയാണ്. ചികിത്സ ഫണ്ട് ശേഖരിക്കാനാണ് ഞായറാഴ്ച ഏനാമാവ് പുഴയിൽ റോണി നീന്തിയത്.
ബണ്ടിൽനിന്ന് രാവിലെ ഏഴിന് തുടങ്ങി പാടൂർ വരെ കാനോലി കനാലിലൂടെ ഏകദേശം ഏഴ് കിലോമീറ്റർ നീന്തി. തൊയക്കാവ് സ്വദേശിയായ റോണി ട്രയാത്തലണിൽ അയൺമാൻ ദൂരം പിന്നിട്ട കേരളത്തിലെ ഏതാനും പേരിൽ ഒരാളാണ്. 3.9 കി.മീ നീന്തൽ, 180.2 കി.മീ സൈക്ലിങ്, 42.2 കി.മീ ഓട്ടം എന്നിവയാണ് ഇതിലുള്ളത്.
രാവിലെ നീന്തൽ തുടങ്ങിയ ഏനാമാവ് ബണ്ടിലേക്ക് സൈക്കിൾ കൂട്ടായ്മയായ തൃശൂർ ഓൺ എ സൈക്കിൾ അംഗങ്ങൾ എത്തിച്ചേർന്നിരുന്നു. വിനോദിന് ഭാര്യയും പ്ലസ് ടുവിലും പത്തിലും പഠിക്കുന്ന രണ്ട് പെൺകുട്ടികളുമുണ്ട്.
സഹായിക്കാൻ അന്തിക്കാട് ബ്ലോക്ക് പ്രസിഡന്റ് കെ.കെ. ശശിധരൻ രക്ഷാധികാരിയും അരിമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ ചെയർമാനും വാർഡ് അംഗം സി.പി. പോൺ കൺവീനറുമായി ചികിത്സ സഹായ സമിതി രൂപവത്കരിച്ചു. അക്കൗണ്ട് നമ്പർ: 0437053000042923. സൗത്ത് ഇന്ത്യൻ ബാങ്ക് എറവ് ബ്രാഞ്ച്. ഐ.എഫ്.എസ്.സി: SIBL0000437. ഗൂഗ്ൾ പേ: 7034586134.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.