ചാലക്കുടി: മുരിങ്ങൂർ ദേശീയപാതയിൽ അടിപ്പാത നിർമാണത്തിനുവേണ്ടി റോഡ് ഗതാഗതം തിരിച്ചുവിടാനുള്ള ശ്രമം ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വീണ്ടും തടഞ്ഞു. ഇതിനെ തുടർന്ന് ദേശീയപാത ഉദ്യോഗസ്ഥരും കരാർ കമ്പനി അധികൃതരുമായി സംഘർഷാവസ്ഥ ഉണ്ടായി.
ഇവിടെ ഗതാഗതം തിരിച്ചുവിടാൻ ഈ ഭാഗത്തെ സർവിസ് റോഡുകളുടെ നിർമാണം പൂർത്തിയാക്കാതെ റോഡ് തടസ്സപ്പെടുത്താൻ പറ്റില്ലെന്ന ജനങ്ങളുടെ ഉറച്ച നിലപാടിന് മുന്നിൽ ദേശീയപാത അധികൃതരും കരാർ കമ്പനി അധികൃതരും മുട്ടുകുത്തി. തുടർന്ന് നടന്ന ചർച്ചയിൽ മുൻകൂട്ടി അറിയിക്കാതെ റോഡ് ഗതാഗതം തടസ്സപ്പെടുത്തില്ലെന്ന് അധികൃതർ ഉറപ്പുനൽകി.
കഴിഞ്ഞദിവസം രാത്രി എട്ടോടെ ആരോരുമറിയാതെയും ഒരുമുന്നറിയിപ്പുമില്ലാതെയുമാണ് കരാർ കമ്പനി അധികൃതർ മുരിങ്ങൂർ സിഗ്നൽ കവലയിൽ നടപടികൾ ആരംഭിച്ചത്. റോഡിൽ ഗതാഗതം തിരിച്ചു വിടാനുള്ള ബോർഡുകളും മറ്റും നിരത്തി. അടിപ്പാത നിർമാണത്തിന് തൂണുകൾ നിർമിക്കാൻ റോഡ് കുഴിക്കാൻ യന്ത്രസാമഗ്രികളും ഒരുക്കിയിരുന്നു. ഇതിനിടയിലാണ് മേലൂർ പഞ്ചായത്ത് പ്രസിഡൻറ് അടക്കമുള്ള ജനപ്രതിനിധികൾ വിവരമറിഞ്ഞെത്തിയത്. ഇരുവശത്തും ഗതാഗതം തിരിച്ചുവിടാൻ സർവിസ് റോഡ് നിർമാണം പൂർത്തിയാക്കാതെ റോഡ് തടസ്സപ്പെടുത്താൻ ഒരു വിധത്തിലും പറ്റില്ലെന്ന് ഇവർ ശഠിച്ചു. അല്ലെങ്കിൽ ആമ്പല്ലൂരിലും പേരാമ്പ്രയിലുമുള്ള രൂക്ഷമായ ഗതാഗതക്കുരുക്ക് ഇവിടെയും ഉണ്ടാകുമെന്ന് അവർ ചൂണ്ടിക്കാട്ടി.
എന്നാൽ, ദേശീയപാത അധികൃതർ പിൻമാറാൻ തയാറായില്ല. ഇതോടെ സംഘർഷാവസ്ഥയായി. ബോർഡുകളും മറ്റും നാട്ടുകാർ ബലമായി എടുത്തുമാറ്റി. രണ്ടു ദിവസം മുമ്പും അടിപ്പാത നിർമാണം ആരംഭിക്കാൻ ഇതു പോലെ ശ്രമം നടത്തിയിരുന്നു. വീണ്ടും അത്തരമൊരു സംഭവം ആവർത്തിച്ചത് ജനങ്ങളിൽ രൂക്ഷമായ പ്രതിഷേധം ഉണ്ടാക്കി. ഇതിനെ തുടർന്ന് നടന്ന ചർച്ചയിൽ മുൻകൂട്ടി അറിയിക്കാതെ ഇവിടെ അടിപ്പാത നിർമാണം ആരംഭിക്കില്ലെന്ന അധികൃതരുടെ ഉറപ്പിലാണ് ഇരുവിഭാഗവും പിരിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.