ചാലക്കുടി: ആശങ്കകളുടെ പശ്ചാത്തലത്തിൽ മുരിങ്ങൂരിൽ ദേശീയപാതയിലെ അടിപ്പാത നിർമാണത്തിന്റെ പ്രാരംഭ ജോലികൾ ചൊവ്വാഴ്ച ഉച്ചയോടെ ജനപ്രതിനിധികൾ തടഞ്ഞു. ഇതേ തുടർന്ന് അടിപ്പാതയുടെ ജോലികൾ കരാർ കമ്പനിക്കാർ നിർത്തിവെച്ചു. അടിപ്പാതയുടെ തൂണുകൾക്കായി റോഡിന് നടുവിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴിയെടുക്കവേയാണ് പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സുനിത, വൈസ് പ്രസിഡന്റ് പോളി പുളിക്കൻ അടക്കം മേലൂർ പഞ്ചായത്തിലെ ജനപ്രതിനിധികളും മുരിങ്ങൂരിലെ വ്യാപാരികളും പ്രദേശവാസികളുമടക്കമുള്ളവർ സംഘടിച്ചെത്തിയത്. പണി നടക്കുമ്പോൾ ഗതാഗതം തിരിച്ചുവിടേണ്ട സർവിസ് റോഡ് പൂർത്തിയാക്കാതെ റോഡ് കുഴിക്കരുതെന്ന് ഇവർ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ ഗുരുതര ഗതാഗതപ്രശ്നമാണ് ഉണ്ടാവുകയെന്ന് ഇവർ ചൂണ്ടിക്കാട്ടി.
മൂന്നു മാസത്തിലേറെയായുള്ള സർവിസ് റോഡിന്റെ കാന നിർമാണം എന്ന് പൂർത്തിയാകുമെന്നറിയാത്ത അവസ്ഥയാണ്. ഇതു മൂലം മുരിങ്ങൂർ ജങ്ഷനിലെ വഴിയോരത്തെ വ്യാപാരികൾക്ക് കട തുറക്കാനാകുന്നില്ല. സമീപത്തെ കൊരട്ടി ജങ്ഷനിലും ചിറങ്ങരയിലും അടിപ്പാത നിർമാണം ആരംഭിച്ചതോടെ മേഖലയിൽ ഗുരുതര ഗതാഗതപ്രശ്നമാണ് ഉയർന്നുവന്നിട്ടുള്ളത്.
മുരിങ്ങൂരിൽ മേൽപാലം നിർമിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. 4.5 മീറ്റർ ഉയരത്തിലും 12 മീറ്റർ വീതിയിലുമാണ് അടിപ്പാത നിർമിക്കുന്നത്. ഇതോടെ മേലൂർ പഞ്ചായത്തിലേക്കുള്ള പ്രധാന പാതയായ മുരിങ്ങൂർ-ഏഴാറ്റുമുഖം റോഡിലേക്ക് ദേശീയപാതയിൽനിന്ന് കണ്ടെയ്നറുകളടക്കം വലിയ ലോറികളുടെ പ്രവേശനം അസാധ്യമാകും. ഇതോടെ മേലൂരിന്റെ വ്യവസായ വികസനം തടസ്സപ്പെടുമെന്നാണ് ആശങ്ക. മാത്രമല്ല, ഇതിലൂടെ തേനിയിലേക്കുള്ള അന്തർസംസ്ഥാന പാതയുടെ സാധ്യതയും ഇല്ലാതാക്കുമെന്ന ആശങ്കയുമുണ്ട്. കൊരട്ടിയിലെ ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്നാണ് അവിടെ മേൽപാലം നിർമിച്ചത്. അതുപോലെ ഇവിടെയും മേൽപാലം നിർമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.