ചാലക്കുടി: ട്രാംവെ ചരിത്ര പൈതൃക മ്യൂസിയത്തിനായി ലക്ഷങ്ങൾ ചെലവഴിച്ച് നവീകരിച്ച കെട്ടിടങ്ങൾ കാടുകയറുന്നു. ചാലക്കുടി റെയിൽവേ സ്റ്റേഷൻ റോഡിൽ ചാലക്കുടി ഐ.ടി.ഐക്ക് സമീപത്തെ പി.ഡബ്ല്യു.ഡി മെക്കാനിക്കൽ എൻജിനീയറിങ് വർക്ക് ഷോപ്പിനോട് ചേർന്നാണ് ട്രാംവെ മ്യൂസിയം ആരംഭിക്കുന്നത്.
അതിനായി നൂറ്റാണ്ടിലേറെ പഴക്കമുള്ള മൂന്ന് കെട്ടിടങ്ങൾ ആർക്കിയോളജിക്കൽ വകുപ്പിന്റെ നേതൃത്വത്തിൽ സമീപകാലത്ത് നവീകരിച്ചിരുന്നു. ട്രാംവെയുടെ കാലത്ത് വാഗണുകൾ അറ്റകുറ്റപ്പണി നടത്തുന്ന വർക്ക് ഷോപ്പുകളായിരുന്നു ഇവ. 1963ൽ ട്രാംവെ നിർത്തലാക്കിയപ്പോൾ ബാക്കിയായ അതുമായി ബന്ധപ്പെട്ട വസ്തുവകകൾ ഇതിനുള്ളിലുണ്ട്.
സനീഷ് കുമാർ ജോസഫ് എം.എൽ.എ ആണ് നവീകരിച്ച കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്തത്. എന്നാൽ, ഉദ്ഘാടന ശേഷം ബന്ധപ്പെട്ടവർ തിരിഞ്ഞുനോക്കിയില്ല. അതോടെ കെട്ടിടവും പറമ്പും പഴയതുപോലെ കാടുമൂടിക്കിടക്കുന്ന അവസ്ഥയിലാണ്. ചരിത്രത്തിന്റെ ഈ തിരുശേഷിപ്പുകൾ ഭാവി തലമുറക്കായി സംരക്ഷിക്കണമെന്ന ലക്ഷ്യത്തോടെയാണ് ട്രാംവെ മ്യൂസിയം നിർമിക്കുന്നത്.
മുൻ എം.എൽ.എ ബി.ഡി. ദേവസ്സിയുടെ ശ്രമഫലമായാണ് കെട്ടിടങ്ങൾ അടക്കം 50 സെന്റ് സ്ഥലം മ്യൂസിയം നിർമാണത്തിന് സർക്കാർ അനുവദിച്ചത്. 2021ൽ അന്നത്തെ പുരാവസ്തു, പുരാരേഖ മ്യൂസിയം മന്ത്രി കടന്നപ്പിള്ളി രാമചന്ദ്രൻ നിർമാണോദ്ഘാടനം നടത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.