തളിക്കുളം: ചേർക്കര, മുറ്റിച്ചൂർ മേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷമായതോടെ പ്രദേശവാസികൾ ദുരിതത്തിൽ. പുഴയോര മേഖലയിൽ കിണറുകളിലെ വെള്ളം ഉപയോഗയോഗ്യമല്ലാതായതോടെ ഇവർ കുടിവെള്ളത്തിന് ആശ്രയിക്കുന്നത് ജല അതോറിറ്റിയുടെ ടാപ്പുകളാണ്.
എന്നാൽ, പാലം പരിസരത്ത് പല ടാപ്പുകളിലും കുടിവെള്ളം എത്തിയിട്ട് ആഴ്ചകളായി. വീടുകളിൽ ശേഖരിച്ചുവെച്ചിരുന്ന വെള്ളമെല്ലാം കഴിഞ്ഞു. ഭക്ഷണം പാകം ചെയ്യാനും കുടിക്കാനും കുളിക്കാനും അലക്കാനും വെള്ളമില്ലാത്ത അവസ്ഥയാണ്. ഇതോടെ ഇവിടത്തുകാർ തലയിൽ കുടം വെച്ചും സൈക്കിളിലും ബൈക്കിലും കലങ്ങൾ വെച്ചും അകലെ നിന്നാണ് വെള്ളം ശേഖരിച്ചു കൊണ്ടുവരുന്നത്. ഏറെയും ദരിദ്രകുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.
വെള്ളം കിട്ടാതെ വലയുന്ന പലരും കാശ് മുടക്കിയാണ് ടാങ്ക് വെള്ളം കൊണ്ടുവരുന്നത്. ഒരു ടാങ്ക് വെള്ളത്തിന് 300, 500 എന്നിങ്ങനെയാണ് നിരക്ക്. കൂലിപ്പണിക്കാരായ കുടുംബങ്ങൾക്ക് ഈ തുക താങ്ങാവുന്നതല്ല. ഇതിനിടയിൽ മേഖലയിലെ വീടുകളിലേക്ക് കുടിവെള്ള കണക്ഷൻ നൽകുന്ന പദ്ധതി ആരംഭിച്ചു. ആവശ്യമുള്ളവരുടെ വീടുകളിലേക്ക് കണക്ഷൻ നൽകുകയാണ്. എന്നാൽ, കണക്ഷൻ കിട്ടിയാലും ടാപ്പിൽ വെള്ളമെത്തുമോ എന്ന ചിന്തയാണ് ഇവരെ അലട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.