ചെറുതുരുത്തി: 115 വർഷം മുമ്പ് തൃശൂർ പൂരം കഴിഞ്ഞപ്പോൾ പാഞ്ഞാൾ മാത്തൂർ മനയ്ക്കൽ ശങ്കരൻ നമ്പൂതിരിപ്പാട് തന്റെ പക്കലുള്ള ആനകളെ ലേലം ചെയ്യാൻ തീരുമാനിച്ച വിവരത്തിന്റെ പരസ്യരൂപത്തിൽ വന്ന വാർത്ത സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. പലരും പഴക്കം ചെന്ന ന്യൂസ് കണ്ടു കൈയടിക്കുകയും ആശ്ചര്യപ്പെടുകയും ചെയ്യുന്നു. 1910 ഏപ്രിൽ 21നാണ് ആനകളെ ലേലം ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് യോഗക്ഷേമസഭ നടത്തിവന്ന മംഗളോദയം മാസികയിൽ വാർത്ത വന്നത്. ‘എട്ടു കൊമ്പനാനകളും രണ്ട് പിടിയാനകളും മാത്രം. തൃശ്ശിവപേരൂർ ചെങ്ങല്ലൂർ നമ്പൂതിരിയുടെ മഠത്തിൽവെച്ചാണ് ലേലം. ആനകളെ പറ്റി അറിയേണ്ടവർ ഷൊർണൂർ മണ്ണഴി മനയ്ക്കൽ മഹൻ തുപ്പൻ നമ്പൂതിരിപ്പാടിനെ കോൺഡാക്റ്റ് ചെയ്യുക’. എന്നാണ് പരസ്യത്തിലുണ്ടായിരുന്നത്.
പരസ്യം കൊടുത്ത പാഞ്ഞാൾ മാത്തൂർ മനയ്ക്കൽ ശങ്കരൻ നമ്പൂതിരിപ്പാടിന്റെ പാഞ്ഞാളിലെ തറവാട്ടിൽ ശങ്കരൻ നമ്പൂതിരിപ്പാടിന്റെ സഹോദരൻ നീലകണ്ഠൻ മാഷിന്റെ മകൻ അനുജൻ നമ്പൂതിരിപ്പാടാണ് ഇപ്പോൾ കുടുംബമായി താമസിക്കുന്നത്. ഇദ്ദേഹം വടക്കാഞ്ചേരി കോടതിയിൽനിന്ന് ക്ലർക്കായി വിരമിച്ചതാണ്. ഇങ്ങനെ ഒരു എഴുത്ത് സമൂഹമാധ്യമങ്ങളിൽ വൈറലായി എന്നറിഞ്ഞപ്പോൾ വളരെയധികം സന്തോഷമുണ്ടെന്ന് തന്റേയും ശ്രദ്ധയിൽപ്പെട്ടു എന്നും ഒരു നിധി പോലെ സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വല്യച്ഛൻ ആന പ്രേമി കൂടിയായിരുന്നു അതുകൊണ്ടാണ് ആനകളുടെ കച്ചവടം തുടങ്ങിയത്. വിവിധ സ്ഥലങ്ങളിൽ പോയി ആനകളെ ലേലം വിളിച്ച് അദ്ദേഹം ഇവിടെയുള്ള മനകളിലും കെട്ടാറുണ്ട്. പിന്നീട് അവയെ പരിപാലിക്കാറുമുണ്ട്. വല്യച്ഛൻ ഒപ്പം നിന്നുകൊണ്ടാണ് വിവിധ പൂരങ്ങൾക്ക് എഴുന്നുള്ളിക്കാൻ കൊടുക്കുന്നത്. ഒരുവിധം ആനകളും ‘പേരെടുത്ത് വിളിച്ചാൽ ആ സ്നേഹം ഏതു പൂരപ്പറമ്പിൽവെച്ചും കാണിക്കും. ഇതിനെ തുടർന്ന് വല്യച്ഛന്റെയൊപ്പം ഞാനും ചെറുപ്പം മുതലേ ആനകളെ പരിപാലിക്കുമ്പോൾ ഒപ്പം നിൽക്കാറുണ്ടെന്നും ആനകളോട് വളരെ സ്നേഹമാണെന്നും 85 വയസ്സിലാണ് വലിയച്ഛൻ മരിച്ചതെന്നും ഇദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.