ചെറുതുരുത്തി: കൃഷി ഓഫിസിലേക്ക് പരാതിയയച്ചയാൾക്ക് മറുപടിയായി ലഭിച്ചത് പതിനേഴര കിലോയിലധികം തൂക്കം വരുന്ന രേഖകൾ. പുതുശേരി കരുവാൻപടി കൂട്ടുകൃഷി സംഘം കൺവീനറും പരിസ്ഥിതി പ്രവർത്തകനുമായ കെ.കെ. ദേവദാസിനാണ് തപാൽ മുഖേന തൃശൂർ പ്രിൻസിപ്പൽ കൃഷി ഓഫിസിൽനിന്ന് പതിനേഴര കിലോയിലധികം (17.546 കി. ഗ്രാം) തൂക്കമുള്ള രേഖകൾ എത്തിയത്.
2017ലെ ഉത്തരവ് പ്രകാരം സർക്കാർ ഓഫിസിൽ ഒരു ഉദ്യോഗസ്ഥൻ തുടർച്ചയായി മൂന്നുവർഷത്തിൽ കൂടുതൽ കാലം ജോലി ചെയ്യാൻ പാടില്ലെന്ന നിയമം പാലിക്കുന്നുണ്ടോ എന്നും ജില്ലയിലെ കൃഷിഭവനുകളിൽ വർഷങ്ങളായി സ്ഥലം മാറാതെ താമസവാടക കൈപ്പറ്റി ജോലി ചെയ്യുന്ന കൃഷി ഓഫിസർമാർ ആരെല്ലാമെന്നുമറിയാനാണ് ദേവദാസ് തൃശൂർ പ്രിൻസിപ്പൽ കൃഷി ഓഫിസിൽ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയത്.
എന്നാൽ, ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന് മാത്രമല്ല, ലഭിച്ച മറുപടി അപൂർണമായും കാലതാമസം വരുത്തിയുമാണ് നൽകിയത്. ഇതിനെതിരെ ദേവദാസ് തൃശൂർ പ്രിൻസിപ്പൽ കൃഷി ഓഫിസർ, അപ്പീൽ അതോറിറ്റി എന്നിവർക്ക് മുമ്പാകെ നൽകിയ അപ്പീലിലാണ് ഇദ്ദേഹത്തിനാവശ്യമായ എല്ലാ രേഖകളും സൗജന്യമായി നൽകാൻ തൃശൂർ പ്രിൻസിപ്പൽ കൃഷി ഓഫിസർ ഉത്തരവ് നൽകിയത്.
വിവരാവകാശം വഴി അപേക്ഷ സമർപ്പിച്ചാൽ ഒരു പേജിന് മൂന്നുരൂപ അപേക്ഷകൻ നൽകണം. എന്നാൽ, വിവരാവകാശ അപേക്ഷ നൽകുന്നതിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തുന്നെങ്കിൽ അപ്പീൽ പ്രകാരം ലഭിക്കുന്ന രേഖപകർപ്പുകൾ മുഴുവൻ സൗജന്യമായി നൽകണമെന്നാണ് നിയമം.
ഇങ്ങനെയാണ് പതിനേഴര കിലോയിലധികം തൂക്കം വരുന്ന രേഖകൾ കഴിഞ്ഞദിവസം ദേവദാസിന് തപാൽ മുഖേന ലഭിച്ചത്. ആവശ്യപ്പെട്ട രേഖകൾ ലഭിച്ചെങ്കിലും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനാരെന്നും രേഖ പകർപ്പുകളുടെ തപാൽ ചെലവ് ആരാണ് വഹിച്ചതെന്നുമറിയണമെന്ന് കാണിച്ച് ഇദ്ദേഹം മറ്റൊരു വിവരാവകാശ അപേക്ഷ കൂടി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.