ചെറുതുരുത്തി: പാഞ്ഞാൾ തൊഴുപ്പാടം പൊറ്റയില്നിന്ന് ഒമ്പത് ചന്ദനമരങ്ങള്‍ മുറിച്ച മൂന്ന് തമിഴ്നാട് സ്വദേശികൾ റിമാന്‍ഡിലായി. മുഖ്യസൂത്രധാരനായ തമിഴ്നാട്ടുകാരൻ വേലായുധനായും ഓടിപ്പോയ രണ്ടുപേർക്കായും തിരച്ചിൽ ഊർജിതമാക്കി വനംവകുപ്പ്. തമിഴ്നാട് തിരുവണ്ണാമലൈ സ്വദേശികളായ ശങ്കര്‍ (37), ഏഴിമല (37), ഉപേന്ദ്രന് (32) എന്നിവരാണ് പിടിയിലായിരുന്നത്. ആയുധങ്ങളും ഭക്ഷണവും ടെന്റിനുള്ള സാമഗ്രികളുമടക്കം സന്നാഹത്തോടെയാണിവര് എത്തിയിരുന്നത്. ദിവസങ്ങളോളം കാട്ടില്‍ കഴിയാനുള്ള ഭക്ഷണമെല്ലാം കരുതിയിരുന്നു.
ശനിയാഴ്ച പുലര്‍ച്ച മായന്നൂര്‍ ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലെ തൊഴുപ്പാടം കെ.എഫ്.ഡി.സിയുടെ അധീനതയിലുള്ള സ്ഥലത്ത് അഞ്ചംഗ സംഘത്തെ നാട്ടുകാര്‍ സംശയാസ്പദമായി കണ്ടിരുന്നു. തുടര്‍ന്ന് ഇവരെ ചോദ്യംചെയ്യുന്നതിനിടെ അഞ്ചുപേരും ഓടി രക്ഷപ്പെട്ടു. തിങ്കളാഴ്ച രാവിലെ വീണ്ടും മൂന്നുപേര്‍ നാട്ടുകാരുടെ മുന്നില്‍ അകപ്പെടുകയായിരുന്നു. തുടര്‍ന്ന് ചെറുതുരുത്തി പൊലീസിനെയും മായന്നൂര്‍ ഫോറസ്റ്റ് സ്റ്റേഷന് വനപാലകരെയും വിളിച്ചുവരുത്തി.
പ്രതികളെ എളനാട് വനപാലകര്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തശേഷം അറസ്റ്റ് ചെയ്തു. മച്ചാട് റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ ഇന്‍ ചാര്‍ജ് എസ്.എന്‍. രാജേഷാണ് അന്വേഷണ ഉദ്യോഗസ്ഥന്. സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍മാരായ കെ.ബി. അശോകന്, വൈ.എം. സുധീര്‍, എം.കെ. സനില്‍, ബി.എഫ്.ഒമാരായ എന്‍.പി. ബൈജു, കെ.ആര്. ജിനോ, കെ.വി. രഘു, എം.ജെ. ശ്രീജിത്ത്, എം. ഗ്രീഷ്മ, ഗായത്രി പ്രവീണ്‍, വാച്ചര്‍മാരായ ടി.എസ്. ജയന്, എം.ബി. നളിനി എന്നിവരും അന്വേഷക സംഘത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.