ചെറുതുരുത്തി: എവിടേക്ക് വേണമെങ്കിലും ആരിഫിന്റെ വണ്ടി കൊണ്ടുപോകാം... പ്രതിദിനം വേണ്ടത് കുറച്ച് വെള്ളവും മറ്റു സാമഗ്രികളും. വള്ളത്തോൾ നഗർ പഞ്ചായത്തിലെ നെടുമ്പുര കാരാഞ്ചേരി വീട്ടിൽ ആരിഫ് (34) താൻ ജോലിചെയ്യുന്ന സ്ഥലത്തേക്ക് പോകുന്നതും വരുന്നതും കാളവണ്ടിയിലാണ്. പെട്രോളിനും ഡീസലിനും വില കൂടുമെന്ന വാർത്തകൾക്ക് ചെവി കൊടുക്കാറില്ല യുവാവ്. യാത്രതീർത്തും പ്രകൃതി സൗഹൃദമാണ്.
ഒരുപതിറ്റാണ്ടിലേറെയായി കെട്ടിട നിർമാണ തൊഴിലാളിയായ യുവാവിന്റെയും കുടുംബത്തിന്റെയും യാത്ര കാളവണ്ടിയിലാണ്. ഉത്സവങ്ങൾ, കല്യാണം, വിനോദസഞ്ചാരം തുടങ്ങിയയാത്രകളെല്ലാം ഇതിൽതന്നെ. കാളകൾക്ക് അൽപം പരുത്തിക്കുരു, പിണ്ണാക്ക്, മുതിര, കാടിവെള്ളം എന്നിവ നൽകിയാൽ മതിയാകും. തൃശൂർ, വടക്കാഞ്ചേരി, മറ്റുപല സ്ഥലങ്ങളിലേക്കും ജോലിക്ക് പോകുമ്പോൾ പണിസ്ഥലത്തെ മേച്ചിൽ പുറത്തു കാളകളെ തുറന്നുവിടും. പണി തീരുന്നതുവരെ കാളകൾക്ക് വിശ്രമമാണ്. പിതാവ് പരേതനായ മുഹമ്മദിൽനിന്ന് പിതൃസ്വത്തായി ലഭിച്ചതാണ്. 12 വർഷമായി പരിപാലിച്ചുവരുന്നു.
ഭാര്യ ഷാജിത, മക്കളായ ആദിയ, ഹാഷ്മി, ഹയ എന്നിവർക്കെല്ലാം പ്രണയം കാളവണ്ടി യാത്രയോടാണ്. ഹോണും ആധുനിക രീതിയിലുള്ള സീറ്റുമെല്ലാം വണ്ടിക്ക് അലങ്കാരം. ഏതാനും സിനിമകളിലും ഷോർട്ട്ഫിലിമുകളിലും ഭാഗമാകാൻ കഴിഞ്ഞന്റെ സന്തോഷവും ആരിഫ് പങ്കുവെച്ചു. കാളകളുടെ മത്സര ഓട്ടത്തിൽ ഇദ്ദേഹം പങ്കെടുത്ത് നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.