ചെറുതുരുത്തി: കൊച്ചിൻ പാലത്തിനു സമീപമുള്ള ബസ് സ്റ്റോപ്പിൽ മരിച്ചനിലയിൽ കണ്ടെത്തിയ തമിഴ്നാട് സ്വദേശിനി സെൽവിയുടെ (50) മൃതദേഹം ഇൻക്വസ്റ്റ് ചെയ്യാൻ ‘കാവലായി’ പഞ്ചായത്ത് പ്രസിഡൻറും അംഗങ്ങളും. ഇവർക്ക് ബന്ധുക്കൾ ആരുമില്ലാത്തതിനെ തുടർന്ന് ചെറുതുരുത്തി പൊലീസ് നിരവധി നാട്ടുകാരെ സമീപിച്ചെങ്കിലും ഇൻക്വസ്റ്റ് നടപടിക്കും മൃതദേഹത്തിന് മുന്നിൽനിന്ന് ഫോട്ടോ എടുക്കാനുമായി ആരും തയാറായില്ല. തുടർന്ന് എസ്.ഐ വിനു വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെയ്ഖ് അബ്ദുൽ ഖാദറിനെ സമീപിക്കുകയായിരുന്നു.
അദ്ദേഹം ഉടനെത്തന്നെ എൽ.ഡി.എഫ് പഞ്ചായത്ത് അംഗങ്ങളായ അജിത, രവികുമാർ, സുലൈമാൻ, ബിന്ദു, ബി.ജെ.പി അംഗം രാജീവ് സോന എന്നിവരെയും കൂട്ടി സംഭവസ്ഥലത്ത് എത്തി നടപടിക്രമങ്ങൾക്ക് വേണ്ട സഹായം നൽകുകയായിരുന്നു. രാഷ്ട്രീയം മറന്ന് മൃതദേഹത്തിന്റെ മുന്നിൽനിന്ന് ഒന്നിച്ച് ഫോട്ടോ എടുക്കുകയും മൃതദേഹം പോസ്റ്റ്മോർട്ടത്തിന് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയും ചെയ്താണ് പ്രസിഡന്റും അംഗങ്ങളും മടങ്ങിയത്.
ചെറുതുരുത്തി: കൊച്ചിൻ പാലത്തിനു സമീപത്തെ ബസ് സ്റ്റോപ്പിൽ തമിഴ്നാട് സ്വദേശിനിയെ മരിച്ചനിലയിൽ കണ്ടെത്തി. ചെറുതുരുത്തി ഭാഗത്ത് ഭിക്ഷാടനം നടത്തുകയും ആക്രിസാധനങ്ങൾ പെറുക്കുകയും ചെയ്യുന്ന സെൽവിയാണ് (50) മരിച്ചത്. തിങ്കളാഴ്ച രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. ചെറുതുരുത്തി പൊലീസും തൃശൂരിൽനിന്നുള്ള വിരലടയാള വിദഗ്ധരും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി.
മൃതദേഹം തൃശൂർ ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ കൊലപാതകമാണെന്ന് സംശയം പ്രകടിപ്പിച്ചതായി പൊലീസ് അറിയിച്ചു. ഇവർ തമിഴ്നാട്ടിലെ സേലത്തുനിന്നാണ് ഇവിടെ എത്തിയതെന്നാണ് ആളുകൾ പറയുന്നത്. ഇവരുടെ ഒപ്പം ആൺസുഹൃത്ത് ഉണ്ടാവാറുണ്ടെന്നും വൈകുന്നേരങ്ങളിൽ ഇവർ തമ്മിൽ വഴക്കുണ്ടാകാറുണ്ടെന്നും കഴിഞ്ഞ ദിവസം രാത്രി ബഹളം കേട്ടിരുന്നതായും നാട്ടുകാർ പറയുന്നു. 60 വയസ്സുള്ള ആൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.