ചെറുതുരുത്തി: തൃശൂർ-ഷൊർണൂരിനെ ബന്ധിപ്പിക്കുന്ന ഭാരതപ്പുഴക്ക് കുറുകെയുള്ള രണ്ടാമത്തെ റെയിൽവേ പാലത്തിന്റെ ഗാർഡറുകൾ മാറ്റുന്ന പണി തിങ്കളാഴ്ച ആരംഭിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. രണ്ടാഴ്ച മുമ്പാണ് ബ്രിട്ടീഷുകാർ പണിതീർത്ത പഴയ റെയിൽവേ പാലത്തിന്റെ ഗാർഡറുകൾ മാറ്റുന്ന പണി കഴിഞ്ഞിരുന്നു. ഇപ്പോൾ സമീപത്തുള്ള പാലത്തിന്റെ ഗാർഡറുകൾ മാറ്റുന്ന പണി സേലം ആസ്ഥാനമാക്കിയുള്ള ഡി ആർ ഇൻഫാസ്ട്രക്ചർ കമ്പനിയാണ് പണി ഏറ്റെടുത്തിരിക്കുന്നത്.
ഗാർഡറുകൾ മാറ്റുന്നതിന് താൽക്കാലികമായി കല്ലും മണ്ണും ഇട്ട് ഭാരതപ്പുഴക്ക് കുറുകെ വീണ്ടും റോഡ് നിർമിച്ചിട്ടുണ്ട്. വലിയ രണ്ട് ക്രൈയിനുകൾ എത്തിച്ചിരിക്കുന്നത് ചെന്നൈ ആസ്ഥാനമാക്കിയ എ.എം.ജെ ട്രൈഡ്സ് കമ്പനിയിൽ നിന്നാണ്. ഈ മാസം 26നുള്ളിൽ ഗാർഡറുകൾ മാറ്റി പണി പൂർത്തീകരിക്കുന്നതിന് വേണ്ടി റെയിൽവേ കമ്പനിക്ക് നിർദേശം നൽകിയിരിക്കുന്നു.
മേയ് 20, 22,24, 26 എന്നീ തീയതികളിൽ വൈകുന്നേരം ആറുമുതൽ ഒമ്പതുവരെ ട്രെയിൻ ഗതാഗതം നിർത്തിവെച്ച് യുദ്ധകാല അടിസ്ഥാനത്തിൽ പണി പൂർത്തീകരിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. റെയിൽവേയുടെ ആർക്കോണം പ്ലാന്റുകളിൽ നിന്നാണ് വലിയ ലോറികളിലായി ഗാർഡറുകൾ എത്തിച്ചിരിക്കുന്നത്. 13 തൂണുകളിലായി 14 ഗാർഡറുങ്ങളാണ് സ്ഥാപിക്കാനുള്ളത്.
പണി പൂർത്തീകരിച്ച് റെയിൽവേക്ക് കൈമാറുന്നതിനാണ് തുടക്കം കുറിച്ചിരിക്കുന്നത് എന്നും മഴ പോലുള്ള എന്തെങ്കിലും പ്രശ്നങ്ങൾ വരുന്ന സാഹചര്യത്തിൽ മാത്രമാണ് പണി നീണ്ടു പോവുകയുള്ളൂ എന്നും സൈറ്റ് നിരീക്ഷകൻ പൊന്നിത് ജെയിൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.