ചെറുതുരുത്തി: രണ്ടാഴ്ചയായി കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുകയാണ് ഒരു നഗരസഭയിലെയും മൂന്ന് പഞ്ചായത്തുകളിലും ജനങ്ങൾ. കുടിവെള്ളം എത്തിക്കാൻ നടപടി എടുക്കാതെ അധികൃതരും. പാഞ്ഞാൾ പഞ്ചായത്തിലെ പൈങ്കുളം ഭാരതപ്പുഴ പമ്പ് ഹൗസിൽ നിന്നാണ് ചേലക്കര, പാഞ്ഞാൾ, മുള്ളൂർക്കര എന്നീ മൂന്ന് പഞ്ചായത്തിലേക്കും വടക്കാഞ്ചേരി നഗരസഭയിലേക്കും കുടിവെള്ളം എത്തിക്കുന്നത്.
ഭാരതപ്പുഴയിൽ വെള്ളം ഇല്ലാത്തതിനെ തുടർന്ന് രണ്ടാഴ്ചയായി പമ്പ് ഹൗസിൽനിന്ന് വെള്ളമടിക്കാൻ കഴിയുന്നില്ല. എന്നാൽ, തൊട്ടടുത്തുള്ള ഉരുക്കുതടയണയിൽ വെള്ളം ധാരാളമുണ്ട്. രണ്ട് മാസങ്ങൾക്ക് മുമ്പ് തടയണ പൊളിച്ചാണ് പമ്പ് ഹൗസിലേക്ക് വെള്ളം എത്തിച്ചിരുന്നത്.
തടയണ ശരിയാക്കുന്നതിന്റെ ഭാഗമായി അധികൃതർ എത്തി പൊളിച്ച ഭാഗം ശരിയാക്കുകയും താൽക്കാലികമായി തടയണയിൽ നിന്ന് വെള്ളം പുറത്തുപോകാൻ ദ്വാരങ്ങൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിൽ കൂടെ വരുന്ന വെള്ളം 24 മണിക്കൂർ പ്രവർത്തിക്കുന്ന മോട്ടർ അടിക്കാൻ പാകത്തിന് കിട്ടുന്നില്ലെന്നും മഴ പെയ്ത് മലമ്പുഴ ഡാം തുറന്നുവിടാതെ മോട്ടർ അടിക്കാൻ ഭാരതപ്പുഴയിൽനിന്നും വെള്ളം ലഭിക്കുകയില്ലെന്നും പമ്പ് ഓപറേറ്റർ എം. ഹരിപ്രസാദ് പറയുന്നു.
എന്നാൽ, കഴിഞ്ഞവർഷം ഭാരതപ്പുഴയിൽ വെള്ളമില്ലാത്തതിനെ തുടർന്ന് അധികൃതർ എത്തി ജെ.സി.ബി ഉപയോഗിച്ച് പുഴയിലൂടെ വലിയചാൽ ഉണ്ടാക്കി അതിൽ കൂടിയായിരുന്നു വെള്ളം പമ്പ് ഹൗസിലേക്ക് എത്തിയിരുന്നത്. ആ നടപടി ഇത്തവണ ചെയ്തിട്ടില്ല. അങ്ങനെ ചെയ്താൽ വെള്ളം കിട്ടും എന്നാണ് നാട്ടുകാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.