ചെറുതുരുത്തി: പാലക്കാട് ജില്ലയിലെ മാലിന്യം തൃശൂരിലെ സ്ഥലത്ത് നിക്ഷേപിച്ചതിന് കടയുടമക്ക് 10,000 രൂപ പിഴയിട്ട് പാഞ്ഞാൾ ഗ്രാമപഞ്ചായത്ത്. പൈങ്കുളം സ്കൂൾ ആലിൻചുവട് റോഡിൽ മാലക്കുളം ഭാഗത്താണ് സ്ഥിരമായി രാത്രിയിൽ വാഹനങ്ങളിൽ ഹോട്ടൽ മാലിന്യം തള്ളുന്നത്. പ്രദേശവാസികളാണ് ഹോട്ടൽ മാലിന്യം കുന്നുകൂടി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.
15,16 വാർഡുകളിൽ താമസിക്കുന്ന എട്ടുപേരുടെ പരാതിയിൽ പഞ്ചായത്ത് അധികൃതരും ഹെൽത്ത് ഇൻസ്പെക്ടറും പരിശോധന നടത്തി. ഭക്ഷ്യഅവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും കണ്ടെത്തി. ഷൊർണൂരിൽ പ്രവർത്തിക്കുന്ന ‘ആരാധന’ ഹോട്ടലിലെ മാലിന്യമാണ് നിക്ഷേപിച്ചിരിക്കുന്നതെന്ന് കണ്ടെത്തി. ഹോട്ടലിനെതിരെ പഞ്ചായത്ത് ആക്ട് 1994പ്രകാരം ശരിയായ രീതിയിൽ മാലിന്യ സംസ്കരണം നടത്താത്തതിനാണ് 10,000 രൂപ പിഴയിട്ടത്.
മാലിന്യങ്ങൾ ഉടൻ സ്ഥലത്ത് നിന്ന് നീക്കം ചെയ്യണമെന്നും വൈകുന്ന ഓരോ ദിവസത്തിനും 1000 രൂപ വെച്ച് പിഴ ഈടാക്കുമെന്നും പഞ്ചായത്ത് നിർദേശം നൽകി. എച്ച്.ഐ പ്രനിൻ.കെ.ഡേവിസ്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. കൃഷ്ണൻകുട്ടി, പതിനഞ്ചാം വാർഡംഗം ലതാ ഭാസ്കരൻ എന്നിവർ സ്ഥലം സന്ദർശിച്ചു വിലയിരുത്തി.
വടക്കാഞ്ചേരി: റെയിൽവേ സ്റ്റേഷൻ പരിസരത്ത് മാലിന്യം കത്തിച്ച സംഭവത്തിൽ സ്റ്റേഷൻ സൂപ്രണ്ടിന് ദേശീയ ഹരിത ടൈബ്യൂണൽ വിധിയുടെ അടിസ്ഥാനത്തിൽ 5000 രൂപ പിഴ ചുമത്തി നഗരസഭ നോട്ടീസ് നൽകി.
റെയിൽവേ സ്റ്റേഷൻ പരിസരത്ത് മാലിന്യം കത്തിക്കുന്നതായി ട്രെയിൻ യാത്രക്കിടെ ശ്രദ്ധയിൽപെട്ട നഗരസഭ സെക്രട്ടറി കെ.കെ മനോജാണ് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നഗരസഭ ക്ലീൻ സിറ്റി മാനേജർ സി. ജയകുമാറിന് നിർദ്ദേശം നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സ്റ്റേഷനിലെ മാലിന്യങ്ങൾ സ്റ്റേഷൻ പരിസരത്ത് കൂട്ടിയിട്ട് കത്തിക്കുന്നതായി കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.