ചെറുതുരുത്തി: ഭാരതപ്പുഴയിൽ ഒരിടവേളക്ക് ശേഷം വീണ്ടും മണൽ മാഫിയയുടെ വിഹാരം. ദേശമംഗലം ഈറോലി കടവിൽനിന്ന് മണൽചാക്കുകൾ നിറച്ച പെട്ടിഓട്ടോ ചെറുതുരുത്തി പൊലീസ് ശനിയാഴ്ച പുലർച്ച പിടിച്ചെടുത്തു. ഉദ്യോഗസ്ഥരുടെ ശ്രദ്ധ പെട്ടെന്ന് എത്താത്ത മേഖലകളിലാണ് മണൽ മാഫിയയുടെ പ്രവർത്തനം. രജിസ്ട്രേഷൻ ഇല്ലാത്ത വാഹനങ്ങളാണ് മണൽക്കടത്തിന് ഉപയോഗിക്കുന്നത്. ഒരാഴ്ച മുമ്പ് ചെങ്ങണാംകുന്ന് റെഗുലേറ്ററിന്റെ ഷട്ടർ അടച്ചിരുന്നു.
ഇതിനെ തുടർന്ന് പുഴയിൽ വെള്ളം കൂടുതലായതിനെ തുടർന്ന് മുങ്ങി എടുത്ത് ചാക്കിലാക്കി രാത്രികാലങ്ങളിലാണ് മണൽ കടത്തുന്നത്. പുഴയോരത്ത് നിർത്തിയിടുന്ന വാഹനങ്ങളിലേക്ക് തലച്ചുമടായി എത്തിയാണ് മണൽ നിറക്കുന്നത്. ഉദ്യോഗസ്ഥ സാന്നിധ്യമറിഞ്ഞ് കടത്തുകാർ പുഴയിലൂടെ നീന്തി രക്ഷപ്പെട്ടു. വാഹനം ഉപേക്ഷിച്ച ശേഷമായിരുന്നു സംഘം പുഴയിലൂടെ നീന്തി രക്ഷപ്പെട്ടത്. വരുംദിവസങ്ങളിൽ പൈങ്കുളം ഭാഗത്തും ശക്തമായ പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം ചെറുതുരുത്തി എസ്.ഐ ആന്റണി തോംസന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന്, സി.പി.ഒമാരായ അനിൽ, ജിതേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഊറോലി കടവിൽ പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.