ചെറുതുരുത്തി: കഥകളി പഠനം വായനയിലൂടെ വിദ്യാർഥികളിലെത്തിക്കുക എന്ന 52 വർഷത്തെ ആഗ്രഹം 82ാം വയസ്സിൽ നിറവേറ്റിയ സന്തോഷത്തിലാണ് കഥകളി ആചാര്യൻ കലാമണ്ഡലം എം.പി.എസ് നമ്പൂതിരി. പ്രായം വെറും നമ്പറാണെന്ന് തെളിയിച്ച് തന്റെ നാലാമത്തെ പുസ്തകവും അദ്ദേഹം എഴുതി തീർത്തു. ‘കഥ + കളി = കഥകളി’ എന്നാണ് പുസ്തകത്തിന്റെ പേര്. പ്രകാശനം ശനിയാഴ്ച വൈകീട്ട് നാലിന് മലപ്പുറം വണ്ടൂരിലെ സി.എച്ച് ഹാളിൽ നടക്കും. കലാമണ്ഡലം അധ്യാപകൻ, പ്രിൻസിപ്പൽ, കലാമണ്ഡലം നിള കാമ്പസ് ഡയറക്ടർ തുടങ്ങിയ മേഖലയിൽ സേവനം ചെയ്തിട്ടുണ്ട്.
1972ൽ കലാമണ്ഡലം അധ്യാപകനായിരുന്ന ഇദ്ദേഹം പാലക്കാട് ജില്ലയിലെ സ്കൂളിൽ വിദ്യാർഥികൾക്ക് കഥകളി പാഠം എടുക്കാൻ പോയപ്പോൾ അവിടെനിന്ന് വന്ന ആശയമാണ് കഥകളി വിദ്യാർഥികളിൽ എത്തിക്കുന്ന പുസ്തകം എഴുതണമെന്നത്. 2021ലാണ് ഈ പുസ്തകത്തിന്റെ എഴുത്ത് ആരംഭിച്ചത്. മലപ്പുറം ജില്ലയിലെ മഞ്ചേരി കരിക്കാട് പല്ലശ്ശേരി മന നാരായണൻ നമ്പൂതിരിയുടെയും ദേവസേന അന്തർജനത്തിന്റെയും ഏഴുമക്കളിൽ നാലാമനായി 1943 ജൂലൈ ഒന്നിനാണ് എം.പി.എസ് നമ്പൂതിരി ജനിച്ചത്.
ഡിഗ്രി പഠനശേഷം 1958ല് കലാമണ്ഡലം ഗോപിയുടെ ശിഷ്യനായിട്ടാണ് കഥകളി അഭ്യസിക്കാനായി കലാമണ്ഡലത്തിൽ ചേർന്നത്. തുടർന്ന് വിവിധ സ്ഥാനങ്ങൾ വഹിച്ചു. ചൈന, റഷ്യ എന്നിവയൊഴിച്ച് മിക്ക രാജ്യങ്ങളിലും കഥകളി അവതരിപ്പിച്ചിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന അവാർഡുകളും ലഭിച്ചിട്ടുണ്ട്. എന്നാൽ പത്മശ്രീ പോലുള്ള പുരസ്കാരത്തിന് അദ്ദേഹത്തെ പരിഗണിക്കാത്തതിൽ അടുപ്പമുള്ളവർ പരിഭവം പങ്കുവെക്കുന്നുണ്ട്.
ചെറുതുരുത്തി കലാമണ്ഡലം നിള കാമ്പസി സമീപമാണ് താമസം. റിട്ട. അധ്യാപിക ലീലയാണ് ഭാര്യ. മൂന്ന് ആൺമക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.