ചെറുതുരുത്തി: കലയുടെ ഇൗറ്റില്ലമായ കേരള കലാമണ്ഡലത്തിന് തിങ്കളാഴ്ച 90 വർഷം തികയുന്നു. 1930 നവംബര്‍ ഒമ്പതിനാണ് കക്കാട് കാരണവപ്പാടിെൻറ വസതിയായ മഠപ്പാട്ട് തെക്കിനിയില്‍ മഹാകവി വള്ളത്തോള്‍, മണക്കുളം മുകുന്ദരാജ എന്നിവരുടെ സാന്നിധ്യത്തില്‍ കേരളീയ കലകള്‍ അഭ്യസിപ്പിക്കാൻ കേരള കലാമണ്ഡലം ആരംഭിച്ചത്.
1927ല്‍ മഹാകവി വള്ളത്തോള്‍, മണക്കുളം മുകുന്ദരാജ എന്നിവരുടെ നേതൃത്വത്തില്‍ കോഴിക്കോട് കേരള കലാമണ്ഡലം എന്ന പേരില്‍ ഒരു യോഗം രജിസ്റ്റർ ചെയ്തു. കേരളത്തിലെ കലാവിദ്യാര്‍ഥികളുടെ കലാപോഷണം, പരിഷ്കരണം, കഥകളി, നാടകം, ചാക്യാര്‍കൂത്ത്, തുള്ളല്‍ എന്നിവയുടെ ശാസ്ത്രീയ അധ്യാപനം, സാഹിത്യം, സംഗീതം, ചിത്രമെഴുത്ത്, നൃത്തം പരിശീലനത്തിനും കലാകാരന്മാര്ക്ക് പ്രോത്സാഹനം നല്‍കുക എന്നതായിരുന്നു കലാമണ്ഡലം യോഗത്തിെൻറ ലക്ഷ്യം.
മൂലധനത്തിനായി സര്‍ക്കാറില്‍നിന്ന് ഭാഗ്യക്കുറി വില്പന നടത്താനുള്ള അനുവാദം വാങ്ങിയാണ് പണം കണ്ടെത്തിയത്. ലോകത്തിലെ ഉത്തമ സംസ്കാരങ്ങള്‍ ആദ്യമായി രൂപപ്പെട്ട് വളര്‍ന്ന് പന്തലിച്ചത് നദീതടങ്ങളിലായിരുന്നു എന്ന വള്ളത്തോളിെൻറ കാഴ്ചപ്പാടാണ് 1934ഓടെ കലാമണ്ഡലം സ്വന്തം കെട്ടിടത്തിന് ചെറുതുരുത്തിയില്‍ ഭാരതപ്പുഴയുടെ തീരത്ത് എത്തിച്ചത്. 1972ലാണ് ഇന്ന് നില്ക്കുന്ന സ്ഥലത്തേക്ക് മാറിയത്.
90 വർഷം പിന്നിടുമ്പോള്‍ കലാമണ്ഡലം കല്പിത സര്‍വകലാശാലയായി വളര്‍ന്നു. 2007ലാണ് കലാമണ്ഡലം സര്‍വകലാശാല ആയത്. 2008ല്‍ യു.ജി.സിയും സംസ്ഥാന സര്‍ക്കാറും ഇതിന് അംഗീകാരം നല്കി. ഗുരുകുല സമ്പ്രദായത്തിലുള്ള പഠനക്രമം നിലനിര്‍ത്തുന്ന കേരള കലാമണ്ഡലം കല്പിത സര്‍വകലാശാല എട്ടാം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം, ഗവേഷണപഠനം എന്നിവക്ക് സൗകര്യം ഒരുക്കുന്നുണ്ട്. ഒരുവർഷം നീളുന്ന നവതി ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
ചെറുതുരുത്തി: കേരള കലാമണ്ഡലം 90ാം വാർഷികാഘോഷ പരിപാടി കോവിഡിെൻറയും തൃശൂർ ജില്ലയിൽ 144 നിലനിൽക്കുന്നതിെൻറയും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിെൻറയും പശ്ചാത്തലത്തിൽ ചടങ്ങ് മാത്രമാക്കിയതായി വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ അറിയിച്ചു.
ഞായർ, തിങ്കൾ ദിവസങ്ങളിലാണ് പരിപാടി. ഞായറാഴ്ച രാവിലെ 10ന് മുകുന്ദരാജ അനുസ്മരണം ഡോ. എം.വി. നാരായണൻ നിർവഹിക്കും. വൈകീട്ട് നടത്താനിരുന്ന എൻഡോവ്മെൻറ്, അവാർഡ് വിതരണം എന്നിവ ജനുവരിയിലേക്ക് മാറ്റി.
തിങ്കളാഴ്ച രാവിലെ 10ന് വള്ളത്തോൾ സമാധിയിൽ പുഷ്പാർച്ചനക്ക് ശേഷം ഓൺലൈനായി വള്ളത്തോൾ അനുസ്മരണം ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ റിട്ട. പ്രഫ. ഡോ. എൻ. അജയ്കുമാർ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.