ഒഴുക്കിൽപെട്ട മെഡിക്കൽ വിദ്യാർഥികളെ കണ്ടെത്താനായില്ല

ഒറ്റപ്പാലം/ചെറുതുരുത്തി: ഭാരതപ്പുഴയിലെ മാന്നനൂർ തടയണക്ക് സമീപം ഒഴുക്കിൽപെട്ട് കാണാതായ മെഡിക്കൽ വിദ്യാർഥികളെ രണ്ടാം ദിവസം നടന്ന തിരച്ചിലിലും കണ്ടെത്താനായില്ല. വാണിയംകുളത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ നാലാം വർഷ എം.ബി.ബി.എസ് വിദ്യാർഥികളായ ആലപ്പുഴ അമ്പലപ്പുഴ കരൂർ വടക്കേപുളിക്കൽ ഗൗതം കൃഷ്ണ (23), തൃശൂർ വടക്കാഞ്ചേരി ചേലക്കര പാറയിൽ മാത്യു എബ്രഹാം (23) എന്നിവരാണ് ഞായറാഴ്ച വൈകീട്ട്​ ഒഴുക്കിൽപെട്ടത്. തിങ്കളാഴ്ച രാവിലെ ഏഴിനാണ് തിരച്ചിൽ പുനരാരംഭിച്ചത്.

ഫയർഫോഴ്‌സിന് പുറമെ 23 അംഗ ദുരന്ത നിവാരണ സേന, പാലക്കാട്, തൃശൂർ ഫയർ ഫോഴ്സിലെ സ്‌കൂബ ഡൈവേഴ്‌സ്, പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ യുവാക്കൾ ഒഴുക്കിൽപെട്ട തടയണ ഭാഗത്തുനിന്ന് ഇരുകരകളിലുമായി ഏഴ് കിലോമീറ്ററോളം തിരച്ചിൽ നടത്തി. വൈകീട്ട്​ ആറര വരെ നടന്ന തിരച്ചിലിലും ഇരുവരെയും കണ്ടെത്താനായില്ല. ചെറുതുരുത്തി പൊലീസും ഷൊർണൂരിലെ ഫയർഫോഴ്സും പൈങ്കുളം ഭാഗത്തും തിരച്ചിൽ നടത്തിയിരുന്നു.

ശക്തമായ ഒഴുക്കും ഇടക്കിടെ പെയ്യുന്ന മഴയും അതിജീവിച്ചാണ് തിരച്ചിൽ തുടർന്നത്. ചൊവ്വാഴ്ചയും തിരച്ചിൽ തുടരും. ഒഴിവ് ദിവസമായ ഞായറാഴ്ച വൈകീട്ട്​ നാലരയോടെയാണ് ഗൗതം കൃഷ്ണയും മാത്യു എബ്രഹാമും ഉൾപ്പെട്ട ഏഴംഗ സംഘം മാന്നനൂരിലെ ഉരുക്ക് തടയണക്ക് സമീപം എത്തിയത്. പുഴയിലിറങ്ങിയ മാത്യു എബ്രഹാം ഒഴുക്കിൽപെട്ടതോടെ രക്ഷിക്കാനായി ഇറങ്ങിയ ഗൗതം കൃഷ്ണയും അപകടത്തിൽപെടുകയായിരുന്നു. മന്ത്രി കെ. രാധാകൃഷ്ണൻ, പി. മമ്മിക്കുട്ടി എം.എൽ.എ തുടങ്ങിയവർ സ്ഥലത്തെത്തി.



Tags:    
News Summary - missing Medical students could not be found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-24 05:58 GMT