ചെറുതുരുത്തി: കനത്തമഴയിൽ പാഞ്ഞാൾ പഞ്ചായത്തിൽ പത്ത് ഹെക്ടർ നെൽകൃഷി നശിച്ചു. ഒരു ഹെക്ടറിലധികം നേന്ത്രവാഴകൃഷിയും നശിച്ചു. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പാഞ്ഞാൾ പഞ്ചായത്തിൽ മാത്രം 10 ഹെക്ടറിലധികം ഒന്നാംവിള നെൽകൃഷിയാണ് നശിച്ചത്.
നെല്ല് ഓണത്തിന് കൊയ്യാനുള്ളതായിരുന്നു. മഴവെള്ളം ഇനിയും പാടശേഖരങ്ങളിൽ കെട്ടിനിന്നാൽ സ്ഥിതി രൂക്ഷമാകും. കിള്ളിമംഗലം, കീഴില്ലം, പാഞ്ഞാൾ, തൊഴുപ്പാടം, വാഴാലിക്കാവ്, പൈങ്കുളം തുടങ്ങിയ സ്ഥലങ്ങളിലാണ് കൃഷി നശിച്ചത്. 16 പാടശേഖരങ്ങളാണ് പാഞ്ഞാൾ കൃഷിഭവന് കീഴിലുള്ളത്. കനത്ത മഴയിൽ ബണ്ടുകൾ തകർന്നും തോട്ടുവരമ്പുകൾ തകർന്നുമാണ് കൃഷി നശിച്ചത്. മഴവെള്ളത്തിന്റെ കുത്തൊഴുക്കിൽ ചെളിയും മണലുമെല്ലാം പാടശേഖരങ്ങളിൽ അടിഞ്ഞ് കൂടിയിരിക്കുന്നു. മഴയ്ക്കുശേഷം രണ്ട് ദിവസത്തെ വെയിലേറ്റതോടെ നെൽച്ചെടികളെല്ലാം കരിഞ്ഞ സ്ഥിതിയാണ്.
ഓണത്തിന് വേണ്ടിയുണ്ടാക്കിയ ഒന്നര ഹെക്ടറിലധികം സ്ഥലത്തെ പച്ചക്കറി കൃഷിയും നശിച്ചു. മോട്ടോർഷെഡ് തകർ ന്നും വെള്ളം കയറിയും നഷ്ടങ്ങളുണ്ടായി. കർഷകർ വിള ഇൻഷുറൻസിനായി കൃഷിഭവനുകളിൽ അപേക്ഷ സമർപ്പിക്കുകയാണിപ്പോൾ. കൃഷി ഓഫിസറും ജീവനക്കാരും കൃഷിയിടങ്ങളിലെത്തി നാശനഷ്ടക്കണക്ക് തിട്ടപ്പെടുത്തി.
കർഷകരുടെ ദുരിതാവസ്ഥ പരിഹരിക്കാൻ മുന്നിട്ടിറങ്ങുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. കൃഷ്ണൻകുട്ടി പറഞ്ഞു. വിള ഇൻഷുറൻ സ് വേഗത്തിൽ ലഭ്യമാക്കണമെന്ന് വാർഡ് അംഗം പി.എം. മുസ്തഫ ആവശ്യപ്പെട്ടു. പാട്ടത്തിനെടുത്ത സ്ഥലത്ത് കടംവാങ്ങിയും സ്വർണം പണയപ്പെടുത്തിയുമെല്ലാമാണ് കർഷകർ കൃഷിയിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.