ചെറുതുരുത്തി: നീർച്ചാലായി മുള്ളൂർക്കര ആറ്റൂർ അസുരൻകുണ്ട് ഡാം. ചേലക്കര മൈനർ ഇറിഗേഷൻ സെക്ഷന് കീഴിലെ ഈ ഡാം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വരൾച്ചയെയാണ് നേരിടുന്നത്. ഡാമിന്റെ കൈവരികളെല്ലാം വറ്റിവരണ്ട് വിണ്ടുകീറിയ നിലയിലാണ്. അവശേഷിക്കുന്ന ജലം അതിവേഗം മലിനമാകുന്നു. മീനുകൾ ഡാമിൽ ചത്ത് പൊന്തുകയാണ്. ചതുപ്പുകൾ കഴിഞ്ഞ മഴയിൽ പുൽപടർപ്പുകളായി മാറിയത് ആശ്വാസം പകരുന്നു.
1977 സെപ്റ്റംബർ പത്തിന് അന്നത്തെ ജലസേചന മന്ത്രി കെ.കെ. ബാലകൃഷ്ണനാണ് ഈ ഡാം കമീഷൻ ചെയ്തത്. 10 മീറ്ററാണ് ജലസംഭരണ ശേഷി. 112 മീറ്റർ നീളമുണ്ട് ഡാമിന്. വനത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന ഡാമിൽ ജലം നിറയുമ്പോൾ അത് പ്രകൃതി സ്നേഹികൾക്ക് സമ്മാനിക്കുന്നത് മനം കുളിർക്കും കാഴ്ചയാണ്. ആറ്റൂർ സെൻററിൽനിന്ന് രണ്ടര കിലോമീറ്റർ വനത്തിനുള്ളിലൂടെ സഞ്ചരിച്ചുവേണം ഇവിടെ എത്താൻ. എന്നാൽ, ഇപ്പോൾ സഞ്ചാരികൾക്ക് ഇവിടേക്ക് പ്രവേശനമില്ല.
ഡാമിൽ അവശേഷിച്ച വെള്ളത്തിൽനിന്ന് മീൻ ലേലം ചെയ്തു വലയിട്ട് കൊണ്ടുപോകുന്ന സംവിധാനം തുടരുന്നുണ്ട്. സഞ്ചാരികൾക്ക് സുരക്ഷയൊരുക്കാനുള്ള സൗകര്യങ്ങളൊന്നും ഇവിടെയില്ലാത്തതിനാൽ സന്ദർശകാനുമതിയില്ല.ലക്ഷങ്ങൾ ചെലവഴിച്ച് ഡാമിന് സമീപം കെട്ടിടം നിർമിച്ചെങ്കിലും ഉപയോഗിക്കാത്തതിനാൽ നശിക്കുകയാണ്. സന്ദർശകർക്ക് സൗകര്യങ്ങളും സുരക്ഷ ജീവനക്കാരെയും നിയോഗിച്ചാൽ മികച്ച വിനോദസഞ്ചാര കേന്ദ്രമായി അസുരൻകുണ്ട് ഡാമിനെ മാറ്റാനാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.