ചെറുതുരുത്തി: മഹാകവിയായ മുത്തച്ഛന്റെ പേരിലെ തെറ്റ് മാറ്റാൻ പേരമകൻ ഓഫിസുകളിൽ കയറിയിറങ്ങിയത് രണ്ട് വർഷവും ഏഴ് മാസവും. പരിശ്രമത്തിനൊടുവിൽ പേര് ശരിയാക്കിയതിന്റെ സന്തോഷത്തിലാണ് അദ്ദേഹം. വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷന് ആ പേരിട്ടത് മഹാകവി വള്ളത്തോൾ നാരായണ മേനോന്റെ സ്മരണക്കാണ്. സ്റ്റേഷനിലെ ബോർഡിൽ പേര് ഇംഗ്ലീഷിൽ ‘വള്ളട്ടോൾ’ (VALLATTOL) എന്നാണ് എഴുതിയിരുന്നത്.
ഇത് ‘വള്ളത്തോൾ’ (VALLATHOL) എന്ന് ശരിയായി എഴുതണമെന്ന ആവശ്യവുമായി മഹാകവിയുടെ പേരമകൻ രവീന്ദ്രനാഥൻ വള്ളത്തോൾ 2021 മാർച്ച് 19ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രാജ്ഭവനിൽ ചെന്നുകണ്ടിരുന്നു. അന്നത്തെ റെയിൽവേ മന്ത്രി പീയുഷ് ഗോയലിന് തന്റെ അപേക്ഷ കൈമാറണമെന്ന് അഭ്യർഥിക്കുകയും ഗവർണർ അത് ചെയ്യുകയുമുണ്ടായി. നടപടി സ്വീകരിക്കാമെന്ന് പീയുഷ് ഗോയൽ തൊട്ടടുത്ത മാസം ഗവർണർക്ക് മറുപടി നൽകി.
മാസങ്ങൾ കഴിഞ്ഞപ്പോൾ പീയുഷ് ഗോയൽ മാറി അശ്വിനി വൈഷ്ണവ് റെയിൽവേ മന്ത്രിയായി ചുമതലയേറ്റു. രവീന്ദ്രനാഥൻ പുതിയ റെയിൽവേ മന്ത്രിക്കും കൂടാതെ പ്രധാനമന്ത്രിക്കും ആവശ്യം ഉന്നയിച്ച് കത്തയച്ചു. മാസങ്ങൾ കഴിഞ്ഞിട്ടും പുരോഗതി ഇല്ലാത്ത സാഹചര്യത്തിൽ രമ്യ ഹരിദാസ് എം.പിക്ക് വിവരങ്ങൾ കൈമാറി.
മാസങ്ങൾ കഴിഞ്ഞിട്ടും ഫലമുണ്ടായില്ല. റെയിൽവേ മന്ത്രിക്ക് ഒരുകത്ത് നൽകാമോയെന്ന് എം.പിയോട് ആവശ്യപ്പെട്ടു. പിന്നീട് എം.പിയോട് അന്വേഷിച്ചപ്പോൾ പറഞ്ഞത്, തിരുവനന്തപുരം റെയിൽവേ ഡിവിഷനിലേക്ക് ബന്ധപ്പെട്ട കടലാസുകൾ കൈമാറിയെന്നാണ്.
കഴിഞ്ഞ ആഗസ്റ്റ് രണ്ടിന് തന്റെ ആവശ്യങ്ങളടങ്ങിയ പഴയ അപേക്ഷകളും അനുബന്ധ രേഖകളും ഡിവിഷനൽ റെയിൽവേ മാനേജർ സച്ചിൻ ശർമക്ക് വാട്സ്ആപ് ചെയ്തു. അപ്പോഴാണ് രവീന്ദ്രനാഥൻ ശരിക്കും ഞെട്ടിയത്. അഞ്ച് മിനിറ്റിനകം മറുപടി വന്നു; ‘‘ഇക്കാര്യത്തിൽ ഇടപെട്ട് വേണ്ടത് ചെയ്യാം’’ എന്ന്. തുടർന്ന് ഇടക്കിടെ അദ്ദേഹത്തെ ബന്ധപ്പെട്ടിരുന്നു. ആഗസ്റ്റ് എട്ടിന് നേരിൽ കണ്ട് പുരോഗതി അന്വേഷിച്ചു.
സെപ്റ്റംബർ 17ന് തിരുവനന്തപുരം റെയിൽവേ ഡിവിഷൻ ഓഫിസിലേക്ക് വിളിച്ചു. പിന്നീട് നേരിട്ട് ഓഫിസിൽ എത്തുന്നതിന് മുമ്പ് പേര് എഴുതിയതിലെ തെറ്റ് തിരുത്താനുള്ള അപേക്ഷ അംഗീകരിച്ചതായി ദക്ഷിണ റെയിൽവേയുടെ ചെന്നൈ ആസ്ഥാനത്തുനിന്നുള്ള കത്ത് വാട്സ്ആപിൽ ലഭിച്ചു.
മണിക്കൂറുകൾക്കകം റെയിൽവേ സ്റ്റേഷന്റെ പേരിലെ തെറ്റ് മാറ്റിയതായി വാട്സ്ആപിൽ അറിയിപ്പെത്തി. ആവശ്യം നടപ്പാക്കാൻ ഇടപെട്ട എല്ലാവരോടും വള്ളത്തോളിന്റെ കുടുംബത്തിന്റെ നന്ദിയുണ്ടെന്ന് രവീന്ദ്രനാഥൻ വള്ളത്തോൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.