വെള്ളിക്കുളങ്ങര (തൃശൂർ): പതിവുശൈലിയിലുള്ള പ്രസംഗങ്ങളും ഔപചാരിക യോഗനടപടികളും ഇല്ലാതെ നാട്ടിന്‍പുറങ്ങളില്‍ സംഘടിപ്പിക്കപ്പെടുന്ന ക്ലൈമറ്റ് കഫേകള്‍ ശ്രദ്ധേയമാകുന്നു. കട്ടന്‍ചായയും കപ്പപ്പുഴുക്കും കഴിച്ച് നാട്ടിന്‍പുറത്തെ ആളൊഴിഞ്ഞ കോണില്‍ ഒത്തുകൂടി കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചും പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചും വര്‍ത്തമാനം പറയുന്ന ചെറുകൂട്ടായ്മകളാണ് ക്ലൈമറ്റ് കഫേകള്‍.
പരിസ്ഥിതി -കര്‍ഷക സംഘടനകളുടെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് പലയിടങ്ങളിലും ക്ലൈമറ്റ് കഫേകള്‍ സംഘടിപ്പിക്കുന്നത്. മറ്റത്തൂര്‍ സെക്കുലര്‍ ഫോറത്തിെൻറ നേതൃത്വത്തിൽ മറ്റത്തൂര്‍, കോടശേരി പഞ്ചായത്തുകളില്‍ ക്ലൈമറ്റ് കഫേകള്‍ നടന്നു.
കോര്‍മല, കിഴക്കേ കോടാലി, ചൊക്കന എന്നിവിടങ്ങളിൽ നടന്ന പരിപാടികളിൽ ഏതാനും വര്‍ഷങ്ങളായി കേരളത്തിെൻറ കാലാവസ്ഥയിലുണ്ടായിട്ടുള്ള മാറ്റങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. ഇതോടൊപ്പം പ്രാദേശിക വിഷയങ്ങളും ചര്‍ച്ചകളില്‍ നിറയുന്നുണ്ട്. മലയോരമേഖലയായ ചൊക്കനയില്‍ സംഘടിപ്പിച്ച ക്ലൈമറ്റ് കഫേയില്‍ കാലാവസ്ഥ വ്യതിയാനത്തോടൊപ്പം കാട്ടാനയടക്കമുള്ള വന്യജീവികളുടെ ശല്യവും ചർച്ചയായി.
ചൊക്കന എസ്റ്റേറ്റ് മൈതാനത്തിനു സമീപമുള്ള തണല്‍മരച്ചുവട്ടില്‍ നടന്ന ക്ലൈമറ്റ് കഫേയില്‍ പങ്കെടുത്ത പ്രദേശവാസികള്‍ വന്യജീവികള്‍ മൂലം തങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളാണ് പ്രധാനമായും അവതരിപ്പിച്ചത്. റബര്‍ എസ്റ്റേറ്റില്‍ പുലര്‍ച്ച ടാപ്പിങ്ങിനിറങ്ങുന്ന തൊഴിലാളികള്‍ കാട്ടാനയുടെ മുന്നില്‍ അകപ്പെടുന്നതും വഴിവിളക്കുകളുടെ അഭാവം മൂലം അനുഭവിക്കുന്ന പ്രയാസങ്ങളും ചര്‍ച്ചയായി.
ചൊക്കനയിലേക്ക് സർവിസ് നടത്തിയിരുന്ന സ്വകാര്യ ബസുകള്‍ ഓട്ടം നിര്‍ത്തിയതിനാല്‍ വിദ്യാർഥികളും നാട്ടുകാരും നേരിടുന്ന യാത്രക്ലേശവും വര്‍ത്തമാനങ്ങളില്‍ വിഷയങ്ങളായി. ജോബിള്‍ വടാശേരി, സുധീര്‍ വെള്ളിക്കുളങ്ങര, മുഹമ്മദലി ബാലന്, ബെന്നി താഴേക്കാടന്‍, കൃഷ്ണന്‍കുട്ടി, ജോര്‍ജ് കൂനാംപുറത്ത് തുടങ്ങിയവര്‍ ചർച്ചയില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.