തൃശൂർ: ഒടുവിൽ ഡി.സി.സി പുനഃസംഘടിപ്പിക്കാൻ തീരുമാനമായി. ഇതിന് ചുമതലക്കാരെ നിശ്ചയിച്ച് കെ.പി.സി.സി നിർദേശം പുറപ്പെടുവിച്ചു. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, ജില്ലയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ, ജില്ലയിൽ നിന്നുള്ള ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി ഒ. അബ്ദുറഹിമാൻകുട്ടി, മുൻ എം.എൽ.എമാരായ പി.എ. മാധവൻ, അനിൽ അക്കര, കെ.പി.സി.സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്, വൈസ് പ്രസിഡന്റ് പത്മജ വേണുഗോപാൽ, ജോസഫ് ചാലിശ്ശേരി, ടി.വി. ചന്ദ്രമോഹൻ എന്നിവരാണ് പുനഃസംഘടനക്കുള്ള ചുമതലക്കാർ.
അതേസമയം, പട്ടികക്കെതിരെ എതിർപ്പും ഉയർന്നിട്ടുണ്ട്. പ്രധാനമായും എ ഗ്രൂപ്പാണ് വിമർശനമുയർത്തിയത്. വർഷങ്ങളായി എ ഗ്രൂപ് നിർജീവമായിരിക്കുകയാണ് ജില്ലയിൽ. ഗ്രൂപ്പിന് നേതൃത്വം കൊടുക്കുന്ന രണ്ടുപേർ അവരവരുടെ കാര്യത്തിനപ്പുറം പ്രവർത്തകരുടെ കാര്യങ്ങൾ നോക്കുന്നില്ലെന്നും സഹകരണ സംഘം തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ ഇടപെടൽ നടത്തിയില്ലെന്നുമടക്കം ആക്ഷേപമുണ്ട്.
എ ഗ്രൂപ്പിൽനിന്നുള്ള മറ്റൊരു കെ.പി.സി.സി സെക്രട്ടറി പട്ടികയിൽ ഇടം നേടിയത് കെ.സി. വേണുഗോപാൽ ഇടപെട്ടാണെന്നിരിക്കെ അവരെത്തന്നെ വീണ്ടും പുനഃസംഘടന ചുമതല പട്ടികയിൽ ഉൾപ്പെടുത്തിയതിൽ നേതൃത്വത്തെത്തന്നെ അതൃപ്തി അറിയിച്ചതായാണ് വിവരം. ഉമ്മൻ ചാണ്ടി വിശ്രമത്തിലേക്ക് കടന്നതോടെ ജില്ല ശ്രദ്ധിച്ചിരുന്ന ബെന്നി ബെഹനാനും കാര്യമായി അന്വേഷിക്കുന്നില്ലെന്നാണ് വിമർശനം.
ഐ ഗ്രൂപ്പിൽനിന്ന് ഈ വിമർശനം ഉയർന്നിട്ടില്ലെന്നതാണ് ശ്രദ്ധേയം. പരമ്പരാഗത എ, ഐ ഗ്രൂപ് വീതംവെപ്പുകൾ മാത്രമായി ഇത്തവണ ഉണ്ടായേക്കില്ല. ഗ്രൂപ് സമവാക്യങ്ങൾ മാറിയതും പുതിയ ഗ്രൂപ്പുകൾ ഉദയം ചെയ്തതുമാണ് കാരണം.ഫെബ്രുവരിയോടെ പുനഃസംഘടന പൂർത്തിയാക്കാനാണ് തീരുമാനം. നേരത്തേ ഉയർന്ന ജംബോ കമ്മിറ്റികളെന്ന ആക്ഷേപം ഒഴിവാക്കാനാണ് നിർദേശം. ചെറിയ ജില്ലകൾക്ക് 35ഉം വലിയ ജില്ലകൾക്ക് 41 വരെയും ഭാരവാഹികളെയാണ് നിർദേശിച്ചിട്ടുള്ളത്.
ഇതിൽ പ്രവർത്തന പാരമ്പര്യം, പ്രവർത്തന മികവ്, സംഘാടക ശേഷി, ജനകീയ ബന്ധങ്ങൾ തുടങ്ങിയ തലങ്ങളിലുള്ള ആളുകളെയാണ് പരിഗണിക്കുകയെന്നാണ് പറയുന്നത്. കമ്മിറ്റി തയാറാക്കുന്ന പട്ടികയിൽ ആക്ഷേപമില്ലെങ്കിൽ അതേപടി അംഗീകരിക്കും. ആക്ഷേപമുയർന്നാൽ പട്ടിക കെ.പി.സി.സിക്ക് കൈമാറും. പുനഃസംഘടന സംബന്ധിച്ച മാർഗരേഖകൾ അടുത്ത ദിവസം പുറത്തിറങ്ങിയ ശേഷമാകും പ്രാഥമിക യോഗം ചേരുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.