തൃശൂർ: ബസുകൾ പാർക്ക് ചെയ്യാൻ ബദൽ സ്ഥലം ഒരുക്കുമെന്ന പ്രഖ്യാപനം നടപ്പാക്കാതെ ശക്തൻ ബസ് സ്റ്റാൻഡിന്റെ തെക്കുഭാഗം കോൺക്രീറ്റ് പാകൽ തുടങ്ങി. നാല് മണ്ണുമാന്തികൾ ഉപയോഗിച്ച് വെള്ളിയാഴ്ച ഈഭാഗത്തെ ടാറിങ് പൊളിച്ചുതുടങ്ങി. ഇവിടെ നിർത്തുന്ന ബസുകൾകൂടി വടക്കുഭാഗത്തേക്ക് മാറ്റിയതോടെ സ്റ്റാൻഡ് അക്ഷരാർഥത്തിൽ കുരുക്കിലായി. തെക്കുഭാഗത്തെ ബസുകൾ സ്റ്റാൻഡിന്റെ വടക്കുഭാഗത്ത് കോഴിക്കോട്, കുന്നംകുളം, വാടാനപ്പള്ളി ബസുകൾ പാർക്ക് ചെയ്യുന്നതിന്റെ എതിർഭാഗത്താണ് നിർത്തിയിരിക്കുന്നത്. ബസുകൾ സ്റ്റാൻഡിലേക്ക് പ്രവേശിക്കുമ്പോഴുള്ള കുരുക്ക് യാത്രക്കാർക്കും ബസ് ജീവനക്കാർക്കും കടുത്ത പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
തെക്കുഭാഗത്ത് കോൺക്രീറ്റിങ് തുടങ്ങുമ്പോൾ അവിടെയുള്ള ബസുകൾ അശോക-ഇൻ ഹോട്ടലിന് എതിർവശത്തെ ഒഴിഞ്ഞ സ്ഥലത്തേക്ക് മാറ്റുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഈഭാഗത്ത് കൂർക്കഞ്ചേരി-കുറുപ്പം റോഡ് കോൺക്രീറ്റ് പ്രവൃത്തിക്കുള്ള സാമഗ്രികൾ സൂക്ഷിച്ചിരിക്കുകയാണ്. അതിനപ്പുറത്ത് സർവിസ് നടത്താത്ത ബസുകളും സ്റ്റാൻഡിലേക്ക് പ്രവേശിക്കാൻ സമയം കാത്തുകിടക്കുന്ന ബസുകളുമാണ്.
ഇവിടെ ഉഴുതുമറിച്ചതുപോലെ കുഴികളാണ്. വടക്കുഭാഗത്ത് എല്ലാ ബസുകൾക്കുംകൂടി സ്ഥലമില്ലാതെ വന്നതോടെ ബസുകൾ ടി.ബി റോഡിന്റെ വശത്തും മറ്റുമായി നിർത്തിയിടുകയാണ്. ഇതിന്റെ ദുരിതം അനുഭവിക്കുന്നത് യാത്രക്കാരാണ്.
രണ്ടര കോടി രൂപ ചെലവിലാണ് കോൺക്രീറ്റ് പാകുന്ന പ്രവൃത്തി നടക്കുന്നത്. പൂർത്തിയാകാൻ ഒരുമാസത്തിലധികം വേണ്ടിവരുമെന്നാണ് പറയുന്നത്.
തുടർന്ന് സ്റ്റാൻഡിനകത്തെ ശൗചാലയം, പൊട്ടിപ്പൊളിഞ്ഞ തൂണുകൾ, ഫ്ലോറിങ്, പെയിന്റിങ് വെളിച്ചം, വെള്ളം, സി.സി.ടി.വി തുടങ്ങിയവ ഒരുക്കണം. എല്ലാം കഴിയാൻ മൂന്ന് മാസത്തോളം വേണ്ടിവരും. അതുവരെ സ്റ്റാൻഡിൽ ബസ് ജീവനക്കാർക്കും യാത്രക്കാർക്കും ഒരുപോലെ കുരുക്കായിരിക്കും.
കോൺക്രീറ്റിങ് പ്രവൃത്തി പി. ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മേയർ എം.കെ. വർഗീസ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ എം.എൽ. റോസി, ഡിവിഷൻ കൗൺസിലർ സിന്ധു ആന്റോ ചാക്കോള തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.