ചെന്ത്രാപ്പിന്നി: ഓടുന്ന ബസിൽനിന്ന് തെറിച്ചുവീണ് കണ്ടക്ടർക്ക് ഗുരുതര പരിക്ക്. ചാവക്കാട് തിരുവത്ര സ്വദേശി കടലാപറമ്പിൽ സാംരാജിനാണ് (31) പരിക്കേറ്റത്. ശനിയാഴ്ച വൈകീട്ട് ആറോടെയായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ ഇയാളെ കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുവായൂർ -കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന വലിയപറമ്പിൽ ബസിലാണ് സംഭവം. വടക്കുനിന്ന് വന്ന ബസ് ചെന്ത്രാപ്പിന്നി അമ്മ മെഡിക്കൽസിന് മുന്നിലെ കട്ടവിരിച്ച ഭാഗം അവസാനിക്കുന്നിടത്ത് ചാടിയപ്പോൾ ഓട്ടോമാറ്റിക് ഡോർ തുറക്കുകയും കണ്ടക്ടർ പുറത്തേക്ക് വീഴുകയുമായിരുന്നെന്ന് സമീപത്തെ ഓട്ടോ തൊഴിലാളികൾ പറഞ്ഞു.
ഉടൻതന്നെ സമീപത്തെ അൽ ഇഖ്ബാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളെ പിന്നീട് കൊടുങ്ങല്ലൂരിലേക്ക് മാറ്റുകയായിരുന്നു. ഇതിനിടെ ബസിലെ ഡ്രൈവർ ചെന്ത്രാപ്പിന്നി തെക്കേ ബസ് സ്റ്റോപ്പിൽ ബസ് നിർത്തുകയും പുറകിൽ വന്നിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ കയറി പോയതായും നാട്ടുകാർ പറയുന്നു.
ഡ്രൈവറും കണ്ടക്ടറും ഇല്ലാത്ത ബസിൽ കുറെ നേരം ഇരുന്ന യാത്രക്കാർ ഓരോരുത്തരായി ഇറങ്ങി മറ്റു ബസുകളിൽ കയറിപ്പോയി. കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.