തൃശൂർ: കോർപറേഷനിലേക്കുള്ള കോൺഗ്രസ് സീറ്റുചർച്ചയിൽ ഉമ്മൻ ചാണ്ടിയുടെ നിർദേശം തള്ളി. എ ഗ്രൂപ് നേതാവും കെ.പി.സി.സി സെക്രട്ടറിയുമായ ജോൺ ഡാനിയേലിെൻറ സീറ്റാണ് കുരുങ്ങിക്കിടക്കുന്നത്. തർക്കം പരിഹരിക്കാൻ മുതിർന്ന ഗ്രൂപ് നേതാവ് ബെന്നി ബെഹ്നാൻ എം.പി നേരിട്ടെത്തി ഡി.സി.സി നേതാക്കളും ഗ്രൂപ് നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും പരിഹാരമായില്ല. ജോൺ ഡാനിയേലിനെ കൂടാതെ, മുൻ മേയർ രാജൻ പല്ലനും മത്സരിക്കാൻ ധാരണയായിരുന്നുവെങ്കിലും മുൻ കൗൺസിലർ ബൈജു വർഗീസിന് കൂടി സീറ്റ് അനുവദിക്കണമെന്ന സമ്മർദമുയർന്നതാണ് നേതൃത്വത്തെ കുരുക്കിലാക്കിയത്. പാട്ടുരായ്ക്കൽ ഡിവിഷനെ പ്രതിനിധീകരിച്ചിരുന്ന ജോൺ ഡാനിയേൽ ഈ ഡിവിഷൻ വനിത സംവരണമായതോടെ തൊട്ടടുത്തുള്ള രാജൻ പല്ലെൻറ ഡിവിഷനായ ഗാന്ധി നഗർ ഡിവിഷനിൽ മത്സരിക്കുന്നതിൽ ധാരണയായിരുന്നു. ഗാന്ധിനഗറിൽ ജോൺ ഡാനിയേൽ മത്സരിക്കുന്നതിനാൽ രാജൻ പല്ലൻ കിഴക്കുംപാട്ടുകര ഡിവിഷനിൽ മത്സരിക്കാനും സ്ഥാനാർഥി നിർണയ ചർച്ചകളുടെ പ്രാഥമിക ഘട്ടത്തിൽ ഗ്രൂപ്പിലും ഡി.സി.സി നേതൃതലത്തിലും തത്വത്തിൽ ധാരണയായിരുന്നു. എന്നാൽ, സ്ഥാനാർഥി നിർണയ സമിതിക്ക് കിഴക്കുംപാട്ടുകരയിലേക്ക് ബൈജുവർഗീസിനെ പരിഗണിക്കണമെന്ന നിർദേശമെത്തിയതോടെ മുൻ ധാരണകളൊക്കെ തെറ്റി.
മുൻ മേയറെന്ന വ്യക്തിപ്രഭാവമുള്ള രാജൻ പല്ലൻ മറ്റ് ഡിവിഷനുകളിലേക്ക് മാറി മത്സരിക്കാനുള്ള നിർദേശമുയർന്നെങ്കിലും പാലിക്കാതിരുന്നതോടെ സ്വന്തം ഡിവിഷനായ ഗാന്ധിനഗർ വേണമെന്ന ആവശ്യമുയർത്തി. ഇതോടെ ജോൺ ഡാനിയേലിന് സീറ്റില്ലാതായി. സീറ്റുകളിൽ തർക്കമുയർന്നതോടെ ഉമ്മൻ ചാണ്ടി തൃശൂരിൽ നേരിട്ടെത്തി നേതാക്കളോട് ജോൺ ഡാനിയേലിെൻറ സ്ഥാനാർഥിത്വം നിർദേശിച്ചതായിരുന്നു. എന്നാൽ, ചർച്ചയും തർക്കവും മുറുകിയതോടെ ഉമ്മൻ ചാണ്ടിയുടെ നിർദേശം നേതാക്കൾ തള്ളിയ നിലയിലായി. ഇതിനിടയിൽ നെട്ടിശ്ശേരിയിൽ മത്സരിക്കാൻ വന്ന എം.കെ. വർഗീസിനെതിരെ പ്രാദേശിക എതിർപ്പിെന തുടർന്ന് ഈ ഡിവിഷനിൽ ജോൺ ഡാനിയേലിന് നൽകി പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നതെന്ന് നേതാക്കൾ പറയുന്നു. എന്നാൽ, ഇവിടെ വർഗീസ് പ്രചാരണം തുടങ്ങിക്കഴിഞ്ഞു. നിലവിൽ സ്ഥാനാർഥിത്വവും ഭരണം ലഭിച്ചാൽ ഒരു ഘട്ടത്തിലെ മേയർ പദവിയിലും ധാരണയിലെത്തിയിരുന്ന ജോൺ ഡാനിയേൽ സീറ്റിന് വേണ്ടിയുള്ള പരക്കം പാച്ചിലിലായി. അതേസമയം, ഉമ്മൻ ചാണ്ടിയുടെ വാക്കുപോലും പരിഗണിക്കാതിരിക്കെ എ ഗ്രൂപ് നേതാക്കൾ രംഗത്തുവരാത്തത് വിവാദമായിട്ടുണ്ട്. ഐ ഗ്രൂപ് ഹൈജാക്ക് ചെയ്തെന്ന ആരോപണത്തിലാണ് ഒരു വിഭാഗം നേതാക്കൾ. ബുധനാഴ്ച പ്രശ്നങ്ങളെല്ലാം പരിഹരിക്കുമെന്നാണ് നേതാക്കൾ പറയുന്നത്. സ്ഥാനാർഥി പ്രഖ്യാപനങ്ങൾ പൂർത്തിയാക്കിയ ഇടതുമുന്നണി പ്രചാരണ രംഗത്തും സജീവമായി. ബി.ജെ.പി കോർപറേഷനിലെ രണ്ടാംപട്ടികയും പുറത്തുവിട്ട് പ്രവർത്തനത്തിൽ മുന്നിലെത്തി.
സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണനാണ് മേയർ സ്ഥാനാർഥി. സിറ്റിങ് ഡിവിഷനായ കുട്ടൻകുളങ്ങര ഡിവിഷനിലാണ് മത്സരിക്കുന്നത്. ഇവിടെ സിറ്റിങ് കൗൺസിലർക്ക് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധമുയർന്നിട്ടുണ്ട്. പാർട്ടി ചുമതലകളിൽ നിന്ന് രാജിവെക്കുകയും ചെയ്തിരുന്നു. പ്രവർത്തകരെ ആർ.എസ്.എസ് നേതാക്കളെത്തി അനുനയിപ്പിക്കാനാണ് നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.