തൃശൂർ: ചാലക്കുടി നഗരസഭയിൽ 2007-08ൽ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ പുത്തൻകുളം നവീകരണ പദ്ധതിയിൽ ക്രമക്കേട് നടത്തിയ കരാറുകാരനും മുനിസിപ്പൽ എൻജിനീയർക്കും അസി. എൻജിനീയർക്കും തടവു ശിക്ഷ.
മുനിസിപ്പൽ എൻജിനീയർ എസ്. ശിവകുമാർ, അസി. എൻജിനീയർ എം.കെ. സുഭാഷ്, കരാറുകാരനായ കെ.ഐ. ചന്ദ്രൻ എന്നിവരെയാണ് രണ്ടു വർഷം വീതം കഠിന തടവിനും 1,00,000 രൂപ വീതം പിഴയൊടുക്കുന്നതിനും തൃശൂർ വിജിലൻസ് കോടതി ശിക്ഷിച്ചത്.
പുത്തൻകുളം നവീകരണ പ്രവൃത്തികളിൽ ആവശ്യത്തിന് സിമന്റും കമ്പിയും ഉപയോഗിക്കാതെയും കൃത്രിമം കാണിച്ചും പൂർത്തീകരിച്ച പ്രവൃത്തിക്ക് അസി. എൻജിനീയർ തെറ്റായ അളവുകൾ രേഖപ്പെടുത്തിയും മുനിസിപ്പൽ എൻജിനീയർ ഇത് ശരിയാണെന്ന് സാക്ഷ്യപ്പെടുത്തിയും സർക്കാറിന് 1,33,693 രൂപ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.
വിജിലൻസ് തൃശൂർ യൂനിറ്റ് 2008ൽ നടത്തിയ മിന്നൽ പരിശോധനയുടെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടായിരുന്ന സൈഫുള്ള സെയ്ദ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടായിരുന്ന എസ്.ആർ. ജ്യോതിഷ് കുമാറാണ്. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ ഇ.ആർ. സ്റ്റാലിൻ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.