തൃശൂർ: കോവിഡ് നിയന്ത്രണങ്ങൾ അയഞ്ഞെങ്കിലും നിർമാണ മേഖല വിലക്കയറ്റത്തിൽ കുടുങ്ങിക്കിടപ്പാണ്. വീട് പണി പാതിവഴിയിലെത്തിയവർ വിലക്കയറ്റത്തിെൻറ ചൂടറിഞ്ഞ് കൈപൊള്ളി നിർത്തിവെച്ചു. വീടുപണി കരാറിലേർപ്പെട്ടവർ പറഞ്ഞ തുകക്ക് പണി പൂർത്തിയാവില്ലെന്ന് പറഞ്ഞ് കൈയൊഴിഞ്ഞു. ചെയ്ത പണി പൂർത്തിയാക്കാത്തതിനാൽ പണം നഷ്ടപ്പെട്ട കരാറുകാർ ഏറെ. സർക്കാർ പണികൾ ഏറ്റെടുത്ത കരാറുകാരാണ് വിലക്കയറ്റത്തിൽ കുടുങ്ങിയ പ്രധാനികൾ. ഒടുവിൽ വീടെന്ന സ്വപ്നം ബാക്കിയാക്കി പണി തുടങ്ങാനിരുന്നവരുടെ നെഞ്ചിൽ തീയിട്ടാണ് വിലക്കയറ്റം തേരോട്ടം നടത്തുന്നത്.
കോവിഡ് വരുന്നതിന് മുമ്പുള്ളതിനേക്കാൾ 35 ശതമാനം വിലക്കയറ്റമാണ് നിർമാണ സാമഗ്രികൾക്ക് ഉണ്ടായത്. സിമൻറിനും കമ്പിക്കും കൂടിയത് 45 ശതമാനം. പി.വി.സിയുടെ വില ഇരട്ടിയായി. ഗ്ലാസിന് കൂടിയത് 60 ശതമാനം, ഇലക്ട്രിക്കൽ സാധനങ്ങളുടെ പ്രധാന വസ്തുവായ കോപ്പറിന് 50 ശതമാനം വിലയേറി. ഇതോടെ ഇലക്ട്രിക് സാധനങ്ങൾക്കും വില കുതിച്ചു. പ്രതിമാസ വില വർധനവാണ് പെയിൻറിന് ഉണ്ടാകുന്നത്. ഇതോടെ ബിൾഡർമാർ നിർമാണക്കണക്കിൽ സ്ക്വയർ ഫീറ്റിന് 500 രൂപയുടെ വർധനവും നടത്തി. എല്ലാ വർധനയുടെ പഴിയും ഇപ്പോൾ ഇന്ധന വിലക്കുണ്ടായ കുതിപ്പിനാണ്. അതേസമയം, കോവിഡ് കാലത്തെ നഷ്ടം പരിഹരിക്കാൻ കമ്പനികൾ വില യഥേഷ്ടം കൂട്ടുകയാണെന്നാണ് ആക്ഷേപം.
അലുമിനിയം വ്യാപാര രംഗത്തെ വൻകിടക്കാരാണ് അലുമിനിയം വിൽപന നിയന്ത്രിക്കുന്നതെന്ന് പരക്കെ ആരോപണമുണ്ട്. വൻ വിലവർധനവാണ് രണ്ടാം കോവിഡ് കാലത്ത് അലുമിനിയം വ്യാപാര മേഖലയിൽ ഉണ്ടായത്. രണ്ടാം കൊറോണക്കാലത്തിന് മുമ്പ് കിലോക്ക് 340 ഉണ്ടായിരുന്ന മികച്ച കമ്പനികളുടെ അലുമിനിയത്തിന് ഇപ്പോൾ 400 രൂപയായി. മുമ്പ് വർഷത്തിൽ ഒരിക്കൽ മാത്രമാണ് വില വർധന ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ പ്രതിദിന വർധനവാണ് ഉണ്ടാകുന്നത്. വിദേശത്തുനിന്ന് വരുന്ന അലുമിനിയം നിർമാണത്തിലെ അസംസ്കൃത വസ്തുവിെൻറ വിപണനം ഏറ്റെടുത്ത കമ്പനി വില വർധിപ്പിച്ചതും വിലവർധനവിന് കാരണമായി പറയുന്നു. ഗുജറാത്തിൽനിന്ന് മറ്റും ലോറി വാടകയിൽ വർധനവുണ്ടായതും കമ്പനികൾ കാരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്. കിലോക്ക് 330 രൂപയും കോട്ടിങ് ചാർജുമാണ് ഇപ്പോഴത്തെ നിരക്ക്.
രണ്ടാം കോവിഡ് കാലത്തിന് മുമ്പ് 240 രൂപ ഉണ്ടായിരുന്നു അലുമിനിയമാണ് കുതിച്ചുകയറിയത്. മുമ്പ് 90 രൂപ വില കിട്ടിയിരുന്ന കട്ടിങ് വേസ്റ്റ് എന്ന് അറിയപ്പെട്ടിരുന്ന പഴയ, അവശിഷ്ട അലുമിനിയത്തിന് ഇപ്പോൾ 200 രൂപ വിലയുണ്ട്. വിജാഗിരിക്കും പി.വി.സിക്കും ഗ്ലാസിനും വൻ വിലക്കയറ്റമാണ് ഉണ്ടായത്. ഇതോടെ അലുമിനിയം ഫാബ്രിക്കേഷൻ മേഖല പ്രതിസന്ധിയിലാണെന്ന് കേരള അലുമിനിയം ഫാബ്രിക്കേറ്റേഴ്സ് സമിതി ജില്ല സെക്രട്ടറി ടി.ആർ. സൈമൺ 'മാധ്യമ' ത്തോട് പറഞ്ഞു.
ഇന്ധന വിലയുടെ കയറ്റത്തിൽ പിടിച്ചാൽ കിട്ടാത്ത വർധനവായിരുന്നു സിമൻറിന്. ചാക്കിന് മൊത്ത വ്യാപാര വില 450 വരെ എത്തിയിരുന്നു. മുന്തിയ സിമൻറുകൾക്ക് ഇപ്പോൾ വില അൽപം കുറഞ്ഞ് 400-420 രൂപയിലെത്തിയിട്ടുണ്ട്. എന്നാലും ചെറുകിട വിപണിയിൽ ജി.എസ്.ടി-ഇറക്കുകൂലി അടക്കം 450 രൂപ നൽകിയാലേ നല്ല സിമൻറ് ലഭിക്കൂ. മലബാർ സിമൻറ്സ് 380 രൂപക്ക് മൊത്തവിപണിയിൽ എത്തുന്നുണ്ട്. അധികം സ്റ്റോക്ക് എത്തുന്നില്ലെന്ന് മാത്രം.
ക്രഷറുകളിൽ നിയന്ത്രണം വന്നതോടെ മെറ്റലിന് യൂനിറ്റിന് 200 രൂപ ഈ മാസം എട്ടാം തീയതി മുതൽ കൂട്ടി. കോൺക്രീറ്റ് മണലിനും യൂനിറ്റിന് 200 രൂപ കൂടിയിട്ടുണ്ട്. ഇപ്പോൾ യൂനിറ്റ് മണലിന് 4400 രൂപയാണ് ഈടാക്കുന്നത്. വണ്ടി വാടക വേറെയും. തേപ്പ് മണലിന് അൽപം വിലയേറി. വർധന 200 രൂപ. 4600 രൂപയാണ് യൂനിറ്റ് ചാർജ്. വീടുപണിയുന്ന സിമൻറ് കട്ടക്കും വില 29 രൂപയിലെത്തിയിട്ട് ആഴ്ചകളായി. 10 രൂപ വിലയുള്ള ചൂള ഇഷ്ടികക്ക് ഇപ്പോൾ ആവശ്യക്കാരില്ല.
സർക്കാർ പ്രവൃത്തികളിലെ കരാർ ഏറ്റെടുക്കുന്നവരും ഏറ്റെടുത്തവരുമാണ് വിലവർധനവോടെ പ്രതിസന്ധിയിലായത്. 2018ലെ നിർമാണ സാമഗ്രികളുടെ റേറ്റാണ് പല വർക്കുകളിലും സർക്കാർ നിശ്ചയിച്ചിട്ടുള്ളത്. തുടരെയുള്ള വിലവർധനവുകൾ ഈ പ്രവൃത്തികളിൽ ബാധകമാവില്ല. കുറഞ്ഞ നിരക്കിൽ പ്രവൃത്തികളിൽ കരാർ ഏറ്റെടുക്കുന്നവരെ നിർമാണ സാമഗ്രികളുടെ വിലക്കയറ്റം മരണക്കെണിയിലാക്കുമെന്ന് ഓൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ ചെയർമാൻ പാവു ജോസഫ് അഭിപ്രായപ്പെട്ടു.
ആറുമാസം മുമ്പ് 68 രൂപ ഉണ്ടായിരുന്ന കമ്പിക്ക് ഇപ്പോൾ വില 74-76 രൂപ വരെയായി. പെയിൻറിന് വൻ വിലവർധനയാണ് ഉണ്ടായത്. 10-15 ശതമാനം വരെ വർധനയാണ് പെയിൻറ് വിലയിൽ ഉണ്ടായത്. ഏപ്രിൽ മാസം മുതൽ തുടരെ വിലക്കയറ്റമാണ് പെയിൻറിന് ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.