ജോ​സ​ഫ് ചാ​ലി​ശേ​രി,

എം.​പി. വി​ൻ​സെ​ന്റ്

യു.ഡി.എഫിലെ വിവാദ നിയമനം ഒടുവിൽ പ്രാബല്യത്തിൽ

തൃശൂർ: യു.ഡി.എഫ് സംസ്ഥാന കൺവീനർ നിയമിക്കുകയും കെ.പി.സി.സി പ്രസിഡന്‍റ് മരവിപ്പിക്കുകയും ചെയ്തതിനെ തുടർന്ന് വിവാദത്തിലായ ജില്ല യു.ഡി.എഫ് ചെയർമാൻ സ്ഥാനത്തുനിന്ന് ജോസഫ് ചാലിശേരി രാജിവെച്ചു. പുതിയ ചെയർമാനായി മുൻ എം.എൽ.എ എം.പി. വിൻസെന്റിനെ നിയമിച്ചതായി കൺവീനർ എം.എം. ഹസൻ അറിയിച്ചു.

ജോസഫ് ചാലിശേരിയുടെ രാജിയറിയിച്ച കത്ത് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനും പ്രതിപക്ഷ നേതാവും യു.ഡി.എഫ് ചെയർമാനുമായ വി.ഡി. സതീശനും നൽകി.

വ്യക്തിപരമായ കാരണങ്ങളാൽ ചെയർമാൻ സ്ഥാനം രാജിവെക്കുന്നുവെന്നാണ് കത്തിലുള്ളത്. സെപ്റ്റംബറിലാണ് നിയമനവും റദ്ദാക്കലുമെന്ന വിവാദ നടപടികളുണ്ടായത്. ജോസഫ് ചാലിശേരിയെ യു.ഡി.എഫ് ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കി മുൻ എം.എൽ.എയും ഡി.സി.സി പ്രസിഡന്‍റുമായിരുന്ന എം.പി. വിൻസെന്റിനെ നിയമിച്ചതായി സംസ്ഥാന കൺവീനർ എം.എം. ഹസനായിരുന്നു പ്രഖ്യാപിച്ചത്.

എന്നാൽ മണിക്കൂറുകൾക്കകം ഹസന്റെ തീരുമാനം മരവിപ്പിച്ചതായും പുതിയ തീരുമാനമുണ്ടാകുന്നത് വരെ തൽസ്ഥിതി തുടരുകയും വേണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

രമേശ് ചെന്നിത്തലയോട് അടുപ്പമുള്ള ഐ ഗ്രൂപ്പുകാരനും മുതിർന്ന നേതാവുമായ ജോസഫ് ചാലിശേരിയെ കൂടിയാലോചനകളില്ലാതെ നീക്കിയതിനെതിരെ കടുത്ത എതിർപ്പുയർന്നതോടെയാണ് തീരുമാനം പിൻവലിച്ചത്.

ഇപ്പോൾ രാജി വെക്കുന്നതായി കെ.പി.സി.സി പ്രസിഡന്‍റിനെയും പ്രതിപക്ഷ നേതാവിനെയും അറിയിച്ചതോടെയാണ് നേരത്തെ മരവിപ്പിച്ച എം.പി. വിൻസെന്റിനെ ചെയർമാനാക്കിയുള്ള തീരുമാനം പുനഃസ്ഥാപിച്ചത്.

അതേസമയം ജോസഫ് ചാലിശേരി പദവി രാജിവെച്ച് കത്ത് നൽകിയത് ഗ്രൂപ്പ് നേതാക്കൾ അറിഞ്ഞിട്ടില്ലെന്നാണ് പറയുന്നത്. കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല തൃശൂരിലെത്തിയപ്പോൾ ചാലിശേരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇദ്ദേഹം രാജിവെക്കുമ്പോൾ ഐ ഗ്രൂപ്പിന്റെ കൈവശം അവശേഷിക്കുന്ന ഏക പദവി കൂടിയാണ് നഷ്ടമാകുന്നത്. കെ.സി. വേണുഗോപാൽ പക്ഷക്കാരനാണ് എം.പി. വിൻസെന്റ്. യു.ഡി.എഫ് ചെയർമാൻ സ്ഥാനം വേണുഗോപാൽ ഗ്രൂപ്പ് ഏറ്റെടുക്കുമ്പോൾ എ, ഐ ഗ്രൂപ്പുകൾക്ക് പദവികളില്ലാതെയായി.

Tags:    
News Summary - Controversial appointment in UDF finally takes effect

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.