ചാലക്കുടി: ചാലക്കുടി നഗരസഭ ഇൻഡോർ സ്റ്റേഡിയത്തിലെ നിർമാണം നാല് മാസത്തിനകം പൂർത്തീകരിക്കും. ചാലക്കുടി ഇൻഡോർ സ്റ്റേഡിയം നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വർഷത്തിലേറെയായിട്ടും കായിക താരങ്ങൾക്ക് വിട്ടുകൊടുത്തിട്ടില്ലെന്ന പരാതിയുണ്ട്. എന്നാൽ ഏതാനും പ്രവൃത്തികൾ കൂടെ പൂർത്തിയാക്കിയാലേ സ്റ്റേഡിയം അനുയോജ്യമാകൂവെന്ന് അധികാരികൾ വ്യക്തമാക്കി.
അതിനായി മേപ്പിൾ വുഡ് ഫ്ലോറിങ്ങ്, വൈദ്യുതീകരണം, പെയിന്റിങ് എന്നിവയടങ്ങുന്ന 1.27 കോടി രൂപയുടെ നിർമാണം പുരോഗമിക്കുകയാണ്. നിർമാണത്തിനാവശ്യമായ മേപ്പിൽ വുഡ് പൂർണമായും അമേരിക്കയിൽനിന്ന് എത്തിച്ചതായും 25 ശതമാനത്തോളം ഫ്ലോറിങ്ങ് പ്രവൃർത്തി പൂർത്തിയായതായും വൈദ്യുതീകരണ പ്രവൃത്തികൾ ആരംഭിച്ചതായും സ്ഥലം സന്ദർശിച്ച സനീഷ് കുമാർ ജോസഫ് എം.എൽ.എ അറിയിച്ചു.
ഫ്ലോറിങ്ങ് പൂർത്തിയായ ശേഷം പെയിന്റിങ് ആരംഭിക്കും. കേരള സ്പോർട്സ് ഫൗണ്ടേഷനണ് പ്രവൃത്തിയുടെ നിർവഹണ ചുമതല. നഗരസഭ ചെയർമാൻ എബി ജോർജ്, വൈസ് ചെയർമാൻ ആലിസ് ഷിബു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എം. അനിൽകുമാർ, മുൻ ചെയർമാൻ വി.ഒ. പൈലപ്പൻ, കൗൺസിലർമാരായ സി.എസ്. സുരേഷ്, ഷിബു വാലപ്പൻ, ജോജി കാട്ടാളൻ തുടങ്ങിയവരും നിർമാണ സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.