കുന്നംകുളം: പോർക്കുളം വില്ലേജ് പരിധിയിലെ പ്രദേശങ്ങളിൽ നിശ്ചയിച്ച ന്യായവില കൂടുതലാണെന്ന് കാണിച്ച് പ്രദേശവാസികളും പഞ്ചായത്തും കലക്ടർക്ക് നൽകിയ പരാതികൾക്ക് പരിഹാരം. അധികൃതരുടെ നിരന്തരമായ ഇടപെടലിനെ തുടർന്ന് കഴിഞ്ഞ മാസം ഡെപ്യൂട്ടി കലക്ടർ രണ്ടു ദിവസങ്ങളിലായി കുന്നംകുളം താലൂക്ക് ഓഫിസിൽ പരാതിക്കാരെ നേരിൽ കണ്ട് വിവരങ്ങൾ ശേഖരിച്ചിരുന്നു. അനുബന്ധ നടപടികൾ കൂടി പൂർത്തിയാക്കിയാണ് സർക്കാർ അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെ ന്യായവില പുനർ നിർണയിച്ച് ഉത്തരവ് പുറത്തിറക്കിയത്.
വർഷങ്ങളായി അത്യാവശ്യ ഘട്ടങ്ങളിൽ പോലും ഭൂമി കൈമാറ്റം ചെയ്യാൻ കഴിയാതിരുന്ന 122 അപേക്ഷകർക്ക് ഈ നടപടി ആശ്വാസം നൽകും. 2020 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്ന് കൂടിയാണ് ഇതോടെ പൂർത്തിയാകുന്നത്. വില്ലേജ് മേഖലയിലെ പാറേമ്പാടത്തെ കൊങ്ങണൂർ പ്രദേശത്തായിരുന്നു ഏറ്റവും കൂടുതൽ പരാതികൾ ഉയർന്നിരുന്നത്. വയലുകൾ കൂടുതലുള്ള ഈ പ്രദേശത്ത് ഉയർന്ന ന്യായവിലയാണ് ഭൂമിക്ക് രേഖപ്പെടുത്തിയിരുന്നത്.
പുരയിടത്തിനും നിലത്തിനും സെന്റ് ഒന്നിന് 2,01,800 രൂപയായിരുന്നു ഇവിടെ ന്യായവില. പുനർ നിർണയിച്ച ഉത്തരവിൽ ഇത് യഥാക്രമം 62,400, 48,000 എന്നിങ്ങനെയായി കുറഞ്ഞു. അപേക്ഷകളുടെ നിജസ്ഥിതി കലക്ടറെ ബോധ്യപ്പെടുത്താനായതാണ് പഞ്ചായത്ത് ഭരണസമിതിക്ക് വലിയ നേട്ടം കൈവരിക്കാനായത്.
വിഷയത്തിലെ അപാകത പരിഹരിക്കുന്നതിന് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ പ്രസിഡന്റ് കെ. രാമകൃഷ്ണൻ, വൈസ് പ്രസിഡന്റ് ജിഷ ശശി, വാർഡ് അംഗം അഖില മുകേഷ് എന്നിവർ പ്രദേശവാസികളുടെ സഹകരണത്തോടെ കലക്ടർക്ക് പരാതി നൽകുകയായിരുന്നു.
തുടർന്നാണ് വില്ലേജ് ഓഫിസിൽ താൽക്കാലിക ഉദ്യോഗസ്ഥരെ നിയമിച്ച് പരാതികൾ സ്വീകരിക്കാനും തുടർന്ന് ഡപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിൽ പരാതിക്കാരെ നേരിട്ട് കാണാനും നടപടിയുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.