തൃശൂർ: തൃശൂർ മണ്ഡലത്തിൽ എൽ.ഡി.എഫ്, യു.ഡി.എഫ് പ്രവർത്തകർ സംശയവും തർക്കവും ഉന്നയിച്ച വോട്ടർ പട്ടികയിലെ 117 വോട്ടർമാരിൽ ആരും വോട്ടുചെയ്യാൻ എത്തിയില്ല. ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചും മണ്ഡലത്തിന് പുറത്തുനിന്നുള്ളവരെയും അന്തർ സംസ്ഥാനക്കാരെയും ഉൾപ്പെടുത്തിയും വ്യാജമായി വോട്ടുകൾ ചേർത്തുവെന്ന് എൽ.ഡി.എഫും യു.ഡി.എഫും ആക്ഷേപം ഉന്നയിക്കുകയും അധികൃതർക്ക് പരാതി നൽകുകയും ചെയ്തിരുന്നു. ബി.ജെ.പിയാണ് ഇതിന് പിന്നിലെന്നും ആരോപിച്ചിരുന്നു.
ബൂത്തുകളിൽ എൽ.ഡി.എഫ്, യു.ഡി.എഫ് പ്രവർത്തകർ ജാഗ്രതയിലായിരുന്നു. 30ാം നമ്പർ പൂങ്കുന്നം ഹരിശ്രീ സ്കൂൾ ബൂത്തിലെ 44 വോട്ടിനെ ചൊല്ലിയായിരുന്നു ഒരു തർക്കം. ഇവിടത്തെ ഏഴ് ഫ്ലാറ്റുകളിലായി അനധികൃതമായി 44 വോട്ടുകൾ ചേർത്തെന്നായിരുന്നു പരാതി. എന്നാൽ ഇതിൽ 17 വോട്ടുകൾ രേഖകൾ വെച്ച് ബി.എൽ. ഒ സ്ഥിരീകരിച്ചു. ബാക്കി വോട്ടുകൾ അപ്പോഴും സംശയത്തിന്റെ നിഴലിലായിരുന്നു.
37ാം നമ്പർ ബൂത്തിലുൾപ്പെട്ട 73 വോട്ടുകളെ ചൊല്ലിയും തർക്കമുണ്ടായിരുന്നു. അയ്യന്തോൾ ഉദയനഗറിലെ ഇൻലാഡ് ഫ്ലാറ്റിന്റെ പേരിലാണ് ഇവരെ ചേർത്തിരുന്നത്. തർക്കം രൂക്ഷമായും ബി.ജെ.പി ജില്ല പ്രസിഡന്റിന്റെ നേതൃത്വത്തിൽ പ്രതിരോധിക്കാൻ ശ്രമിക്കുകയും ചെയ്തതോടെ കലക്ടർ വി.ആർ. കൃഷ്ണതേജ സ്ഥലത്തെത്തി. ഈ വോട്ടുകൾ എ.എസ്.ഡി (ആബ്സന്റ്, ഷിഫ്റ്റ്, ഡെത്ത്) പട്ടികയിലേക്ക് മാറ്റാം എന്ന ധാരണയിലാണ് എത്തിയത്.
ഇതിലുൾപ്പെട്ട ആരെങ്കിലും ആധികാരിക രേഖയുമായി വോട്ട് ചെയ്യാൻ എത്തിയാൽ പ്രിസൈഡിങ് ഓഫിസർ അവരുടെ ഫോട്ടോ പകർത്തിയ ശേഷം വോട്ട് ചെയ്യിക്കാമെന്നും തീരുമാനമായി. ഇതിന് ശേഷം എൽ.ഡി.എഫ്, യു.ഡി.എഫ് പ്രവർത്തകർ കാത്തിരുന്നെങ്കിലും ഇത്രയും പേർ ബൂത്തുകളിൽ എത്തിയില്ല. തങ്ങളുടെ പരാതിയിൽ കഴമ്പുണ്ടെന്ന് ഇതോടെ വ്യക്തമായെന്നാണ് എൽ.ഡി.എഫും യു.ഡി.എഫും പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.