ചായക്കും ഊണിനും വില കൂട്ടി
തൃശൂർ: വ്യവസായിക പാചക വാതക സിലിണ്ടറിന്റെ വിലവർധനയുടെ പ്രതിഫലനം കണ്ടുതുടങ്ങി. വിവിധ കാറ്റഗറികളിലുള്ള ഹോട്ടലുകൾ വിഭവങ്ങൾക്ക് വിലകൂട്ടി. നഗര പ്രദേശങ്ങളിൽ മാത്രമല്ല, ഗ്രാമമേഖലകളിലും വിലക്കയറ്റം പ്രകടമാണ്. നേരത്തെ 10 രൂപക്ക് ലഭിച്ച ചായക്ക് ചെറു ഹോട്ടലുകളിൽ ഇപ്പോൾ 12ൽ എത്തി. 12 രൂപക്ക് നൽകിയിരുന്ന ഹോട്ടലുകളിൽ ഇപ്പോൾ 15 രൂപയാണ് ചായക്ക്. ചെറുകടികൾക്ക് പത്ത് രൂപയെന്നത് 12ലേക്കും 12 ആയിരുന്നത് 15ലേക്കും ഉയർത്തി. പൊറോട്ട പത്ത് രൂപയിൽ നിന്നും 12ലേക്ക് മാറി. 15 രൂപയുണ്ടായത് 17ൽ എത്തി.
അതേസമയം ഗോതമ്പ് പെറോട്ട 18ലാണ്. രണ്ടുസെറ്റ് ചപ്പാത്തിക്കും കറിക്കും 45 മുതൽ 55 വരെ വാങ്ങുന്ന ഹോട്ടലുകളും റെസ്റ്റാറന്റുകളും അഞ്ചുമുതൽ ഏഴുരൂപവരെ കൂട്ടി. 60 രൂപക്ക് മുകളിൽ വരെ ഇതിന് വില ഈടാക്കുന്നവരും കൂട്ടത്തിലുണ്ട്. ഊണിന് 80 രൂപയായിരുന്നത് അഞ്ചുരൂപ കൂട്ടി. 100 രൂപയുടെ ഊണിന് വൈകാതെ വില കൂട്ടാനാണ് ഉടമകൾ ശ്രമിക്കുന്നത്. അതേസമയം 40 രൂപക്ക് ചുരുക്കം ചിലയിടങ്ങളിൽ ഊണ് ലഭിക്കുന്നുണ്ട്.
ബിരിയാണി, നെയ്ചോർ ഇതര പ്രത്യേക വിഭവങ്ങൾക്ക് നേരത്തെ തന്നെ പലയിടത്തും തോന്നിയ വിലയാണ്. സിലിണ്ടർ വിലവർധനയുടെ പശ്ചാത്തലത്തിൽ വില കൂട്ടുന്നതിന് ഒരു മാനദണ്ഡവുമില്ല. കൃത്യമായ വിലവിവര പട്ടിക എല്ലാഹോട്ടലുകളിലും വേണമെന്ന നിർദേശം പാലിക്കപ്പെടാതെ പോകുന്നുണ്ട്. അതേസമയം ദൂരദിക്കുകളിൽനിന്നും ജോലിക്ക് എത്തുന്നവരാണ് വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്നത്.
ചെറിയ ഒരുഹോട്ടലിന് പോലും ഒരുദിവസം രണ്ടോ മൂന്നോ സിലണ്ടർ ആവശ്യമായി വരുമെന്നാണ് ഹോട്ടൽ ഉടമകൾ പറയുന്നത്. ഒരുസിലിണ്ടറിന് 359 രൂപ കൂട്ടിയ സാഹചര്യത്തിൽ മൂന്ന് സിലിണ്ടറിന് 1077 രൂപ ഒരുദിവസം അധിക ചെലവാണ് വില കൂട്ടാൻ ഇടയാക്കുന്നത് എന്നാണ് ഹോട്ടൽ ഉടമകളുെട ന്യായീകരണം. ഒരുമാസത്തിൽ ഇത് 30,000 രൂപ കടക്കുമെന്നാണ് കണക്കുകൾ നിരത്തി വ്യക്തമാക്കുന്നത്. ഒപ്പം സാധനങ്ങളുടെ വില, കൂട്ടിയ വൈദ്യുതി തുക, വേതനം, വെള്ളം, കെട്ടിടവാടക അടക്കം വലിയ ബാധ്യത വരുന്നതിനാലാണ് നിരക്ക് കൂട്ടേണ്ടി വന്നതെന്നാണ് അധികപേരും പറയുന്നത്.
അതേസമയം, ഹോട്ടൽ ഉടമകളോട് നിരക്ക് കൂട്ടരുതെന്ന് നിർദേശം നൽകാനാവില്ലെന്ന് കേരള ഹോട്ടൽ ആൻഡ് റെസ്റ്റാറന്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഉണ്ണികൃഷ്ണൻ ഈച്ചരത്ത് പറഞ്ഞു. ചെറുതും വലുതുമായ ഹോട്ടലുകൾ വിവിധ രീതിയിലാണ് പ്രവർത്തിക്കുന്നത്. അവയുടെ പ്രവർത്തന ശൈലിക്ക് അനുസരിച്ചും വരുന്ന ബാധ്യതക്കും അനുസരിച്ചാവും നിരക്ക് കൂട്ടിയിട്ടുണ്ടാവുക. അതിൽ അസോസിയേഷന് ഒരു ഇടപെടലും നടത്താനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വർധിച്ച പാചക വാതക വില കുറയ്ക്കാൻ കേന്ദ്രസർക്കാർ തയാറാവണമെന്നും എന്നാൽ മാത്രമേ പ്രതിസന്ധി മറികടക്കാനാവൂ എന്നും ഈ ആവശ്യവുമായി അസോസിയേഷൻ സമരമുഖത്താണെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.