ഗുരുവായൂർ ക്ഷേത്രത്തിൽ സെപ്റ്റംബർ 10 മുതൽ പ്രതിദിനം ആയിരം പേർക്ക് ദർശനം

ഗുരുവായൂർ: പ്രതിദിനം 60 വിവാഹങ്ങൾ നടത്തുന്നതിനുള്ള ബുക്കിങ് ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 31 മുതൽ ആരംഭിക്കും. ഓൺലൈൻ ബുക്കിങ്ങ് സ്വീകരിച്ച് വിർച്വൽ ക്യൂ വഴി സെപ്റ്റംബർ 10 മുതൽ പ്രതിദിനം ആയിരം പേർക്ക് ദർശനം നടത്താം. ആഗസ്റ്റ് 31 മുതൽ വാഹനപൂജ ഏർപ്പെടുത്തുന്നതിനും ഭരണസമിതി യോഗം തീരുമാനിച്ചു.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് മുൻകൂർ ഓൺലൈൻ ബുക്കിങ് ചെയ്തു വരുന്നവർക്ക് അനുവദിച്ച സമയക്രമ പ്രകാരമാണ് ദർശനം അനുവദിക്കുക. നാലമ്പലത്തിലേയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കില്ല. വലിയ ബലിക്കല്ലിനു സമീപം നിന്ന് ദർശനം നടത്തി ചുറ്റമ്പലം വഴി പ്രദക്ഷിണം വെച്ച് ഭഗവതി ക്ഷേത്രത്തിനു സമീപത്തുള്ള വാതിൽ വഴി പോകണം. ക്ഷേത്രത്തിനകത്ത് ഒരുസമയം 50 പേരിൽ കൂടുതൽ ഭക്തർ ഉണ്ടാകാത്ത വിധത്തിലാകും ക്രമീകരണം.

പുതിയ മേൽശാന്തിയെ തെരഞ്ഞെടുക്കാനുള്ള അഭിമുഖം സെപ്റ്റംബർ 14ന് രാവിലെ 8.30 മുതൽ ശ്രീവത്സം ഗസ്റ്റ് ഹൗസിൽ വെച്ചും നറുക്കെടുപ്പ് സെപ്റ്റംബർ 15ന് ഉച്ചപൂജക്കുശേഷം നാലമ്പലത്തിനകത്തു വെച്ചും നടത്തും. കൂടാതെ കാലാവധി പൂർത്തിയായ കോയ്മ, ക്ഷേത്രം സെക്യൂരിറ്റി ഓഫീസർമാർ, വനിതാ സെക്യൂരിറ്റിക്കാർ എന്നിവരുടെ കാലാവധി സെപ്റ്റംബർ 30 വരെ നീട്ടാനും യോഗം തീരുമാനിച്ചു. ഈ തസ്തികകളിലേക്കും സോപാനം കാവലിലേക്കും അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 14, 15 തീയതികളിൽ ശ്രീപത്മം ബിൽഡിങ്ങിൽ വെച്ച് അഭിമുഖം നടത്തും.

ഭരണസമിതി യോഗത്തിൽ ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ് അദ്ധ്യക്ഷനായി. ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരി, കെ. അജിത്, ഇ.പി.ആർ വേശാല, കെ.വി. ഷാജി, അഡ്മിനിസ്‌ട്രേറ്റർ ടി. ബ്രീജകുമാരി എന്നിവർ പങ്കെടുത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.