തൃശൂർ: ഒന്നര വർഷം കോവിഡ് പ്രതിരോധത്തിൽ കാവൽസേവകരായി നിന്നവർ ഒരു സുപ്രഭാതത്തിൽ പിരിച്ചുവിട്ട അനുഭവം പറഞ്ഞ് വിങ്ങിപ്പൊട്ടി. ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യത്തിന് കീഴിൽ കോവിഡ് ബ്രിഗേഡായി ജോലിചെയ്തവർ തൃശൂർ പ്രസ്ക്ലബിൽ നടത്തിയ വാർത്തസമ്മേളനത്തിലായിരുന്നു 'തങ്ങൾ കറിവേപ്പിലയായി' എന്ന് വിലപിച്ചത്. സെപ്റ്റംബർ മുതൽ കോവിഡ് ബ്രിഗേഡിലെ ജീവനക്കാർക്ക് ശമ്പളം നൽകാൻ എൻ.എച്ച്.എം ഫണ്ട് ഉപയോഗിക്കരുതെന്ന് കേന്ദ്രസർക്കാർ നിർദേശം നൽകിയതിനെ തുടർന്ന് ഡോക്ടർമാർ, നഴ്സുമാർ, ജെ.എച്ച്.ഐ, ജെ.പി.എച്ച്.എൻ, ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ, ഡാറ്റ എൻട്രി ഓപറേറ്റർമാർ, ശുചീകരണ ജീവനക്കാർ തുടങ്ങി എൻ.എച്ച്.എം ജീവനക്കാരുടെ സേവനമാണ് അവസാനിപ്പിച്ചത്. ജില്ലയിൽ രണ്ടായിരത്തിഅഞ്ഞൂറോളം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഇവരിൽ 1300 പേർ ഗ്രേഡ്-2 ജീവനക്കാരായിരുന്നു. ഏപ്രിൽ മുതൽ പ്രതിമാസം 408 രൂപ വെച്ചുള്ള റിസ്ക് അലവൻസ് ഇതുവരെ നൽകിയിട്ടില്ലെന്ന് ജീവനക്കാർ ആരോപിക്കുന്നു.
മെഡിക്കൽ കോളജിലും സി.എഫ്.എൽ.ടി.സികളിലും മറ്റും കോവിഡ് രോഗികളെ സഹായിക്കുന്നതും ശുചീകരണ ജോലിയുമായിരുന്നു ഇവർ ചെയ്തിരുന്നത്. തുടക്കത്തിൽ പ്രതിദിനം 350 രൂപയാണ് നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് റിസ്ക് അലവൻസ് അനുവദിച്ചു. ജനം ഇവരുടെ സേവനം പുകഴ്ത്തുകയും മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഇവരെ പുറത്താക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ഇക്കഴിഞ്ഞ മാസമായിരുന്നു കേന്ദ്ര സർക്കാർ ഇവരുടെ സേവനം അവസാനിപ്പിക്കാൻ തീരുമാനിച്ച് ഫണ്ട് നിർത്തിയത്.
ഒരു ഘട്ടത്തിൽ കോവിഡ് സേവന സർട്ടിഫിക്കറ്റിന് ജോലിക്കാര്യത്തിൽ മികച്ച പരിഗണന കിട്ടുമെന്ന് സർക്കാർ പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും അത് ലഭിച്ചില്ല. ജോലി ചെയ്ത സ്ഥാപന മേധാവികൾ വഴി ലഭിക്കുന്ന സർട്ടിഫിക്കറ്റിന് ഒരു പരിഗണനയും ലഭിക്കുന്നില്ലെന്ന് വാർത്തസമ്മേളനത്തിൽ പങ്കെടുത്തവർ ആരോപിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് നാഷനൽ ഹെൽത്ത് മിഷെൻറ ഫണ്ട് ഉപയോഗിക്കാമെന്ന കേന്ദ്ര തീരുമാനത്തിെൻറ പശ്ചാത്തലത്തിലാണ് 2020 ആഗസ്റ്റിൽ സംസ്ഥാന സർക്കാർ കോവിഡ് ബ്രിഗേഡ് രൂപവത്കരിച്ചത്. കോവിഡ് രോഗികളെ ഭയപ്പാടോടെ ലോകം കണ്ടിരുന്ന സാമൂഹിക സാഹചര്യത്തിലായിരുന്നു കോവിഡ് പരിചരത്തിന് സംസ്ഥാനങ്ങളിൽ കോവിഡ് ബ്രിഗേഡ് രൂപവത്കരിച്ചത്.
22 ദിവസം തുടർച്ചായായി കോവിഡ് സെൻററുകളിൽ ജോലി ചെയ്യുകയും പിന്നീട് വീട്ടിലെത്തുകയും ചെയ്യുന്ന ഇവരെ സമൂഹം അകറ്റി നിറുത്തിയിരുന്നതായി ജീവനക്കാരിയായിരുന്ന സി.ആർ. വസന്ത പറഞ്ഞു. കോവിഡ് ബാധിച്ച് തെൻറ മാതാവ് മരണപ്പെട്ടതായും അവർ പറഞ്ഞു. തുടർച്ചയായി പി.പി.ഇ കിറ്റണിഞ്ഞതിനെത്തുടർന്ന് മൂത്രാശയ രോഗങ്ങൾ വന്നവർ ഏറെയായിരുന്നു. വിവിധ വകുപ്പുകളിൽ ഗ്രേഡ് 2 അറ്റൻഡർ പോസ്റ്റിൽ ഒഴിവുവരുേമ്പാൾ താൽക്കാലിക ജോലിക്കാരായി പരിഗണിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ഇവർ കോവിഡ് വാരിയേഴ്സ് എന്ന സംഘടന രൂപവത്കരിച്ച് പ്രധാനമന്ത്രിക്കും സംസ്ഥാന ആരോഗ്യ മന്ത്രിക്കും പരാതി നൽകിയിരുന്നു. എം.ജി. മണികണ്ഠൻ, യു.വി. സവിൻ, കെ.എസ്. അജേഷ്, ഷാജദ ഷാജു തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.