പട്ടിക്കാട്: ദേശീയപാത 544ൽ കുതിരാന്‍ സമീപം വഴുക്കുംപാറയിൽ റോഡിൽ വിള്ളൽ കണ്ട ഭാഗത്ത് പുനർനിർമാണ പ്രവൃത്തികൾ ആരംഭിച്ചു. വെള്ളിയാഴ്ച രാവിലെ തന്നെ റോഡിന്റെ വിള്ളൽ വീണ ഭാഗം പൊളിക്കുന്ന പ്രവൃത്തി ആരംഭിച്ചു. റോഡ് സേഫ്റ്റി അതോറിറ്റി, പാലക്കാട് ഐ.ഐ.ടി, തൃശൂർ എൻജിനീയറിങ് കോളജ്, ദേശീയപാത അതോറിറ്റി പ്രതിനിധികൾ എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയ ന്യൂനതകൾ മന്ത്രി കെ. രാജൻ എൻ.എച്ച് പ്രോജക്റ്റ് ഡയറക്ടർ ബിപിൻ മധുവുമായി ചർച്ച ചെയ്തു.
റോഡിന്റെ മധ്യഭാഗത്തുള്ള മീഡിയനിലെത്തുന്ന വെള്ളം കൃത്യമായി പാത്തിയിലൂടെ പുറത്തേക്ക് പോകുന്നത് ഉറപ്പാക്കാൻ നിർദേശം നൽകി. മീഡിയനിൽ ജലം ഇല്ലാത്തപ്പോഴും ഇതുവഴി പുറത്തേക്ക് ഒഴുകുന്നതായി കണ്ടെത്തിയത് ഗൗരവമായി പരിശോധിക്കാൻ നിർദേശിച്ചു. മീഡിയനിൽ നിന്നുള്ള പൈപ്പുകളുടെ ലീക്കേജോ മണ്ണിനടിയിലെ ഉറവകളോ ആവാം കാരണമെന്നും പാർശ്വഭിത്തി പൊളിച്ചുനീക്കലിൽ ഇത് വ്യക്തമാവുമെന്നും പ്രോജക്റ്റ് ഡയറക്ടർ അറിയിച്ചു. കാരണം കണ്ടെത്തിയാൽ മാത്രമേ ശാശ്വത പരിഹാരം സാധ്യമാകൂ. റോഡ് നിർമാണത്തിനുപയോഗിച്ച മണ്ണ് സെറ്റിലായിട്ടുണ്ടോ എന്നതിലും മണ്ണിന്റെ ഗുണനിലവാരം സംബന്ധിച്ചും പാലക്കാട് ഐ.ഐ.ടി ഉന്നയിച്ച സംശയങ്ങൾ മന്ത്രി വിശദീകരിച്ചു. കൂടുതൽ മണ്ണ് പരിശോധനക്കായി ഐ.ഐ.ടി സംഘം എത്തുമെന്നും മന്ത്രി അറിയിച്ചു.
വഴുക്കുംപാറയിൽ തൃശൂരിലേക്കുള്ള റോഡ് പൂർണമായും ഗതാഗതം നിരോധിച്ച് വലതുവശത്തെ ഒറ്റവരിയിലൂടെയാക്കിയിട്ടുണ്ട്. പൊലീസിന്റെ ഇടപെടൽ കൊണ്ട് ഇതുവരെ കുതിരാനിൽ ബ്ലോക്കുണ്ടായിട്ടില്ല. അടുത്ത രണ്ട് അവധിദിവസങ്ങളിലെ തിരക്ക് പരിഗണിച്ച് കൂടുതൽ പൊലീസിനെ വിന്യസിക്കും. നിലവിൽ നടത്തിയ പരിശോധനയിൽ കരാർ കമ്പനിയുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച പറ്റിയതായി ദേശീയപാത അതോറിറ്റി കണ്ടെത്തുകയും കരാർ കമ്പനിക്ക് നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്. റോഡ് പുനർനിർമാണത്തിന് ദേശീയപാത അതോറിറ്റി 120 ദിവസം സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുപ്രകാരം പ്രവൃത്തി പൂർത്തിയാക്കാത്ത പക്ഷം ദുരന്തനിവാരണ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്ന് കാണിച്ച് കലക്ടർ കരാർ കമ്പനിക്ക് നോട്ടീസ് നൽകി. ലംഘിക്കപ്പെട്ടാൽ കഠിന നടപടികളിലേക്ക് നീങ്ങുമെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാർ ദേശീയപാത അതോറിറ്റിയെയും കേന്ദ്ര സർക്കാറിനെയും ഈ വിഷയത്തിൽ ഗൗരവമായി ഇടപെടണമെന്നും ടോൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാർ പുനർവിചിന്തനം നടത്തേണ്ടി വരുമെന്നും അറിയിച്ചിട്ടുണ്ട്. നിർമാണ അപാകത മുൻനിർത്തി റോഡ് സുരക്ഷ ആക്ട് അനുസരിച്ച് റോഡ് സേഫ്റ്റി കമീഷണർ കരാറുകാർക്ക് നോട്ടീസ് നൽകി. മഴ കുറയുന്ന സാഹചര്യത്തിൽ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനായി എൻ.എച്ച്.എ.ഐക്ക് രണ്ട് ദിവസം സമയം കൊടുത്തിട്ടുണ്ട്. എല്ലാ ആഴ്ചയും നിർമാണ പുരോഗതി വിലയിരുത്താൻ കലക്ടറേയും സിറ്റി പൊലീസ് കമീഷണറെയും ചുമതലപ്പെടുത്തി. വിഷയം പൊതുമരാമത്ത് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് എല്ലാ ആഴ്ചയും റോഡ് സേഫ്റ്റി അതോറിറ്റി പരിശോധന നടത്തുന്നതിന് നിർദേശം കൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.