ചാവക്കാട്: വിജയം ലക്ഷ്യമല്ലെങ്കിലും തെരഞ്ഞെടുപ്പാണോ മത്സരിക്കാതിരിക്കാൻ ദേവസിക്കാവില്ല. ആള് ചില്ലറക്കാരനല്ല പാലയൂര്ക്കാരൻ ദേവസി ചൊവ്വല്ലൂർ. തിരൂരങ്ങാടി ഉപതെരഞ്ഞെടുപ്പിൽ എ.കെ. ആൻറണിക്കും തൃശൂർ പാർലമെൻറ് തെരഞ്ഞെടുപ്പിൽ കെ. കരുണാകരനുമെതിരെ ദേവസി മത്സരിച്ചിട്ടുണ്ട്. തിരൂരങ്ങാടി തെരഞ്ഞെടുപ്പിൽ പത്രിക സമർപ്പിക്കാൻ വരണാധികാരിയുടെ മുന്നിൽ ദേവസി പെട്ടതു കാരണം എ.കെ. ആൻറണി പത്ത് മിനിറ്റിലേറെ പുറത്ത് കാത്തുനിൽക്കേണ്ടി വന്നിട്ടുണ്ട്. കെ. കരുണാകരനെതിരെ മത്സരിച്ചപ്പോൾ ആകെ കിട്ടിയത് ലോകത്തെ ഞെട്ടിച്ച വോട്ടുകളായിരുന്നു. 246 വോട്ട് ദേവസിക്ക് കിട്ടിയപ്പോൾ ലീഡർ തോറ്റത് 243 വോട്ടിനും. ദേവസി അത്രയും വോട്ട് പിടിച്ചതാണ് കോൺഗ്രസ് പരാജയപ്പെടാൻ കാരണമെന്നെഴുതിയപ്പോൾ ദേവസി വിട്ടില്ല. പത്രത്തിനെതിരെ അപകീർത്തിക്ക് കേസ് കൊടുത്തു. പാര്‍ലമെൻറ് മുതല്‍ സര്‍വിസ് സഹകരണ ബാങ്കിലേക്കു വരെ മത്സരിച്ചിട്ടുള്ള ദേവസി തദേശ തെരഞ്ഞെടുപ്പിലും മാറി നില്ക്കാന് ഉദ്ദേശ്യമില്ല.
ഇത്തവണ ചാവക്കാട് നഗരസഭ പന്ത്രണ്ടാം വാര്‍ഡ് പാലയൂര്‍ ഈസ്റ്റിലാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. അതും താന്‍ സ്ഥിരമായി മത്സരിച്ചുവരാറുള്ള 'റാന്തല്‍'ചിഹ്നത്തില്‍ തന്നെ. ഗുരുവായൂര്‍ അസംബ്ലി മണ്ഡലത്തില്‍ അബ്ദു സമദ് സമദാനി, പി.ടി. കുഞ്ഞുമുഹമ്മദ് എന്നിവര്‍ക്കെതിരേയും മത്സരിച്ചിട്ടുണ്ട്. ജില്ല പഞ്ചായത്തിലേക്കും പഞ്ചായത്തിലേക്കും നഗരസഭയിലേക്കും വിവിധ സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുകളിലും മത്സരിച്ചിട്ടുണ്ട്. ചാവക്കാട്, ഗുരുവായൂര്‍ മേഖലയില്‍ നാല് പതിറ്റാണ്ടായി വിവിധ പത്രങ്ങളുടെ എജൻറാണ് ദേവസി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.