തൃശൂർ: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം ബുധനാഴ്ച വൈകിട്ട് ആറിന് അവസാനിച്ചു. ഇന്ന് സ്ഥാനാർഥികളും രാഷ്ട്രീയ പ്രവർത്തകരും വോട്ട് ഉറപ്പാക്കാൻ അവസാനവട്ടം നിശബ്ദ പ്രചാരണത്തിൽ ഏർപ്പെടും. വെള്ളിയാഴ്ച വോട്ടർമാർ വിധി നിർണയിക്കാൻ ബൂത്തുകളിലെത്തും. തെരഞ്ഞെടുപ്പിന് സജ്ജമായതായി ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടര്‍ വി.ആര്. കൃഷ്ണതേജ അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് പോളിങ്. ഗുരുവായൂര്‍, മണലൂര്‍, ഒല്ലൂര്‍, തൃശൂര്‍, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട് നിയോജക മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന തൃശൂര്‍ ലോക്സഭ മണ്ഡലത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആലത്തൂര്‍ ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി മണ്ഡലങ്ങളിലും ചാലക്കുടി ലോക്സഭ മണ്ഡലങ്ങളും ഭാഗമായ കയ്പമംഗലം, ചാലക്കുടി, കൊടുങ്ങലൂര്‍ മണ്ഡലങ്ങളും ജില്ലയിൽ ഉൾപ്പെടുന്നു.
◆ കൊടുങ്ങല്ലൂർ
കൊടുങ്ങല്ലൂർ നഗരത്തിൽ പൊലീസ് നിയന്ത്രണത്തിലൊരു കലാശക്കൊട്ട്. അവസാന ഘട്ടത്തിൽ യു.ഡി.എഫ് -എൽ.ഡി.എഫ് പ്രവർത്തകർ ആവേശം തലക്കുപിടിച്ചതോടെ കൊട്ടിക്കയറി മുഖാമുഖം എത്തിയെങ്കിലും ഇരുകൂട്ടർക്കുമിടയിൽ പ്രതിരോധം തീർത്ത് പൊലീസ് ഉണ്ടായിരുന്നു.
കൃത്യം ആറിനുതന്നെ വിസിൽ മുഴക്കി കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി എം. സന്തോഷ് കുമാർ ഇരുവിഭാഗത്തെയും നിശ്ശബ്ദരാക്കി. തുടർന്ന് ഇരു ഭാഗത്തെയും പ്രവർത്തകർ ഹസ്തദാനം നടത്തി കുശലം പറഞ്ഞാണ് പിരിഞ്ഞത്. യു.ഡി.എഫിന് വടക്കേ നടയിൽ ആശുപത്രി നട വരെയും എൽ.ഡി.എഫിന് അവിടെനിന്ന് വടക്കോട്ടും എൻ.ഡി.എക്ക് തെക്കേ നടയുമാണ് കൊട്ടിക്കലാശത്തിന് അനുവദിച്ചത്.
മൂന്നുകൂട്ടരും അനുവദിച്ച സ്ഥലങ്ങളിൽ കൊട്ടിക്കയറി. ടി.എം. നാസർ, അഡ്വ. വി.എം. മുഹിയുദ്ദീൻ, അഡ്വ. പി.എച്ച്. മഹേഷ്, ഇ.എസ്. സാബു, സേവ്യർ പങ്കേത്ത്, പി.വി. രമണൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ യു.ഡി.എഫും കെ.ആർ. ജൈത്രൻ, സി.സി. വിപിൻ ചന്ദ്രൻ, കെ.എസ്. കൈസാബ്, പ്രഭേഷ്, വേണു വെണ്ണറ എന്നിവരുടെ നേതൃത്വത്തിൽ എൽ.ഡി.എഫും കെ.എസ്. വിനോദ്, ടി.എസ്. സജീവൻ, ബേബി റാം, വി.ജി. ഉണ്ണികൃഷ്ണൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ എൻ.ഡി.എയും കൊട്ടിക്കലാശം നടത്തി.
◆ കയ്പമംഗലം
ആവേശക്കടലായി കലാശക്കൊട്ട്. മൂന്നു മുന്നണികൾക്കും മൂന്നിടങ്ങളിലായിട്ടാണ് കലാശക്കൊട്ടിന് അനുമതി നൽകിയിരുന്നത്. യു.ഡി.എഫിന്റെ കലാശക്കൊട്ട് മൂന്നുപീടികയിലും എൽ.ഡി.എഫിന്റേത് മതിലകത്തും എൻ.ഡി.എയുടേത് ചെന്ത്രാപ്പിന്നിയിലുമാണ് നടന്നത്.
നാലു മുതൽ കലാശക്കൊട്ട് കാണാൻ ദേശീയപാതയോരത്ത് വൻ ജനാവലി എത്തിയിരുന്നു. യു.ഡി.വൈ.എഫിന്റെ നേതൃത്വത്തിൽ അഴീക്കോട് ആരംഭിച്ച ബൈക്ക് റാലി മൂന്നുപീടികയിൽ എത്തിയതോടെ യു.ഡി.എഫിന്റെ കൊട്ടിക്കലാശത്തിന് തുടക്കമായി. വാദ്യമേളങ്ങളുടെയും ഗാനങ്ങളുടെയും അകമ്പടിയോടെ പ്രവർത്തകർ ആവേശച്ചുവട് വെച്ചു. എൽ.ഡി.എഫ് സ്ഥാനാർഥി പ്രഫ. സി. രവീന്ദ്രനാഥിന്റെ റോഡ് ഷോ മൂന്നുപീടികയിലാണ് തുടക്കംകുറിച്ചത്.
ഉച്ചതിരിഞ്ഞ് രണ്ടരയോടെ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച മെഗാ റോഡ് ഷോ അങ്കമാലിയിൽ സമാപിച്ചു. കയ്പമംഗലത്തെ കൊട്ടിക്കലാശം മതിലകം സെന്ററിൽ നടന്നു. മണ്ഡലത്തിലെ വിവിധയിടങ്ങളിൽനിന്ന് പ്രവർത്തകർ പങ്കെടുത്തു. എൻ.ഡി.എ കൊട്ടിക്കലാശം ചെന്ത്രാപ്പിന്നി പതിനേഴാം കല്ലിൽ ആരംഭിച്ച് ഹൈസ്കൂൾ റോഡ് പരിസരത്തുനിന്നും തിരിഞ്ഞ് ചെന്ത്രാപ്പിന്നി സെന്ററിൽ സമാപിച്ചു.
◆ വാടാനപ്പള്ളി
വാടാനപ്പള്ളിയിൽ നടന്ന കൊട്ടിക്കലാശം ആവേശമായി. വൈകീട്ട് നാലോടെതന്നെ മൂന്നു മുന്നണികളുടെയും പ്രവർത്തകരും നേതാക്കളും വാദ്യമേളങ്ങളോടെ സംഘടിച്ച് വാടാനപ്പള്ളി സെന്ററിലെത്തിയിരുന്നു. അഞ്ചോടെ പ്രവർത്തകരെക്കൊണ്ട് വാടാനപ്പള്ളി സെന്റർ നിറഞ്ഞു. കാണാനും ആളുകൾ ഏറെയുണ്ടായിരുന്നു.
സ്ത്രീകളടക്കം കൊടിതോരണങ്ങളുമായി ചുവടുകൾ വെച്ചു. പഞ്ചായത്ത് ഓഫിസിനു മുന്നിൽ എൽ.ഡി.എഫ് പ്രവർത്തകർ നിലയുറപ്പിച്ചു. ഇതിന് എതിർവശത്ത് റോഡിന് പടിഞ്ഞാറ് യു.ഡി.എഫ് പ്രവർത്തകരും സംഘടിച്ചു. കൈയാങ്കളി ഒഴിവാക്കാൻ പൊലീസും പാർട്ടി നേതാക്കളും നിയന്ത്രിച്ചു. സെന്ററിന് തെക്കു വശത്താണ് എൻ.ഡി.എ പ്രവർത്തകർ അണിനിരന്നത്. മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
പ്രചാരണ വാഹനങ്ങളും ഉണ്ടായിരുന്നു. ആറിന് ആഘോഷങ്ങൾക്ക് തിരശ്ശീല വീണു. പ്രവർത്തകർ പിരിഞ്ഞുപോയശേഷമാണ് പൊലീസ് മടങ്ങിയത്. ഇനി വ്യാഴാഴ്ച നിശ്ശബ്ദ പ്രചാരണമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.