തൃശൂർ: തൃശൂർ ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരൻ ചൊവ്വാഴ്ച രാവിലെ നേരത്തെ തൃശൂർ ശക്തൻ മാർക്കറ്റിലെത്തി.
ടീ ഷർട്ടും ട്രാക്ക് സ്യൂട്ടുമണിഞ്ഞ് എത്തിയ സ്ഥാനാർഥിയെ വരവേൽക്കാൻ അത്ര നേരത്തെയും ധാരാളം ആളുകൾ. പടക്കം പൊട്ടിച്ചും പഴക്കുലകൾ നൽകിയുമായിരുന്നു സ്വീകരണം. ഷാൾ അണിയിച്ചും കെട്ടിപ്പിടിച്ചും കൂടെനിന്ന് സെൽഫി എടുത്തും പര്യടനം ഉത്സവമാക്കി.
മത്സ്യമാർക്കറ്റിൽ എത്തിയപ്പോൾ വലിയ മത്സ്യങ്ങൾ നൽകിയായിരുന്നു വരവേൽപ്പ്. മത്സ്യം പിടിച്ചും കൂടെ നടന്നും എതിരേറ്റവരോട് തൃശൂരിനൊപ്പം താൻ എപ്പോഴും ഉണ്ടാകുമെന്ന് ഉറപ്പ് നൽകിയാണ് സ്ഥാനാർഥി മടങ്ങിയത്. തുടർന്ന് വാഴക്കുല മാർക്കറ്റിലും ശക്തൻ സ്റ്റാൻഡിലും പര്യടനം നടത്തി. സ്റ്റാൻഡിൽ എത്തിയപ്പോൾ ബസ് തൊഴിലാളികളും യാത്രക്കാരുമായി ഏറെപേർ. ബസുകളിൽ കയറി യാത്രക്കാരോടും ബസ് കാത്തിരുന്നവരോടും വോട്ട് അഭ്യർഥിച്ചു.
ആറുമണി മുതൽ എട്ടര വരെയായിരുന്നു ശക്തൻ നഗറിലെ പര്യടനം. തുടർന്ന് ഗുരുവായൂർ, ചാവക്കാട് മേഖലയിലേക്ക് യാത്രയായി. ഗുരുവായൂർ പടിഞ്ഞാറെ നടയിൽ സ്വീകരണമേറ്റുവാങ്ങി തുടങ്ങി വടക്കേക്കാടും പുന്നയൂർക്കുളവും കൊച്ചന്നൂരും കടപ്പുറവും ഒരുമനയൂരും എക്കഴിയൂരും അവിയൂരും ബ്ലാങ്ങാടും പുത്തൻകടപ്പുറവും ചാവക്കാട് ടൗണും പിന്നിട്ട് മുതുവട്ടൂർ രാജാ പള്ളി പരിസരത്ത് സമാപിക്കുമ്പോൾ രാത്രിയായി.
എടക്കഴിയൂരിൽ 45ാം ബൂത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനവും ഉണ്ടായിരുന്നു.
തൃശൂർ: ഗുരുവായൂർ നിയോജക മണ്ഡലത്തിൽ ആവേശമായി എൽ.ഡി.എഫ് സ്ഥാനാർഥി വി.എസ്. സുനിൽ കുമാറിന്റെ പര്യടനം. മണ്ഡലത്തിന്റെ തീരദേശ മേഖലകളിലും ക്ഷേത്ര നഗരിയിലും പര്യടനം നടത്തിയ സ്ഥാനാർഥിക്ക് ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചത്.
ചൊവ്വാഴ്ച രാവിലെ ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ മണപ്പാട്ട് സെന്ററിൽ സി.പി.ഐ സംസ്ഥാന എക്സി. അംഗം സി.എൻ. ജയദേവൻ പര്യടന പരിപാടി ഉദ്ഘാടനം ചെയ്തത്. തുടർന്ന് ഏങ്ങണ്ടിയൂർ ചന്ത, ചേറ്റുവ ഫിഷ് ലാൻഡ്, എം.ഇ.എസ് ആശുപത്രി പരിസരം, മൂന്നാംകല്ല്, ചുള്ളിപ്പാടം, മുനക്കകടവ് കോളനി, ബ്ലാങ്ങാട്, മടേക്കടവ്, ബേബി റോഡ്, തിരുവത്ര മുട്ടിൽ, പുത്തൻകടപ്പുറം, ഫിഷറീസ് കോളനി, അകലാട് സ്കൂൾ പരിസരം, മന്ദലാംകുന്ന് സെന്റർ, കുഴിങ്ങര എന്നിവിടങ്ങളിൽ പര്യടനം പൂർത്തിയാക്കി. ഉച്ചക്കു ശേഷം അണ്ടത്തോട് നിന്ന് തുടങ്ങി. രാത്രി വൈകി മുത്തമ്മാവ് സെന്ററിൽ പര്യടനം സമാപിച്ചു.
തൃശൂര്‍: തൃശൂർ ലോക്സഭ മണ്ഡലത്തില്‍ ചൊവ്വാഴ്ച രണ്ട് നാമനിര്‍ദേശപത്രിക കൂടി സമർപ്പിച്ചു. ബി.എസ്.പി സ്ഥാനാര്‍ഥി തൃശൂർ കടുപ്പശ്ശേരി സ്വദേശി നാരായണന് നേരിട്ടും ബി.ജെ.പി സ്ഥാനാര്‍ഥിയായ സുരേഷ് ഗോപിക്ക് വേണ്ടി വിജയന്, വി. ആതിര എന്നിവരുമാണ് ജില്ല വരണാധികാരി മുമ്പാകെ പത്രിക സമര്‍പ്പിച്ചത്.
ഇതോടെ തൃശൂര്‍ ലോക്സഭ മണ്ഡലത്തില്‍ പത്രിക സമര്‍പ്പിച്ചവരുടെ എണ്ണം സ്വതന്ത്ര സ്ഥാനാര്‍ഥി കെ. പത്മരാജന് ഉള്‍പ്പെടെ മൂന്നായി. വ്യാഴാഴ്ച വരെ പത്രിക സമര്‍പ്പിക്കാം. രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നുവരെയാണ് സമയം. സൂക്ഷ്മപരിശോധന ഏപ്രില്‍ അഞ്ചിന്. ഏപ്രില്‍ എട്ടുവരെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.