പഴുവിൽ: കിഴുപ്പിള്ളിക്കര-പഴുവിൽ പ്രധാന പാതയോരത്തെ പുത്തൻ തോട്ടിൽ രാത്രി വലിയ ടാങ്കർ ലോറികളിൽ കക്കൂസ് മാലിന്യം തള്ളുന്നത് പതിവായി. ഇതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തിറങ്ങി. വെണ്ടര പാടശേഖരത്തിനും പുത്തൻ തോടിനും സമീപമുള്ള ചിറ്റിലായി സെറ്റിൽമെന്റ് കേന്ദ്രത്തിലെ 40ലേറെ കുടുംബങ്ങൾക്കാണ് മാലിന്യം മൂലം ദുരിതം അനുഭവിക്കുന്നത്.
ചാഴൂർ പഞ്ചായത്തിന്റെ പരിസര പ്രദേശങ്ങളിലാണ് മാലിന്യം തള്ളുന്നത്. ചേർപ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഈ സ്ഥലത്ത് തള്ളുന്ന മാലിന്യത്തിന്റെ ദുരിതം അനുഭവിക്കുന്നത് ചിറ്റിലായി ഗ്രാമവാസികളാണ്. ഈ പ്രദേശത്തുകാർ കുടിവെള്ളത്തിനൊഴിച്ച് മറ്റ് ആവശ്യങ്ങൾക്കെല്ലാം പുത്തൻ തോട്ടിലെ വെള്ളത്തെയാണ് ആശ്രയിക്കുന്നത്. ഇതിൽ കക്കൂസ് മാലിന്യമടക്കം ഒഴിക്കിവിടുന്നതിന്റെ ദുരിതം അനുഭവിക്കുകയാണിവർ. പ്രദേശത്തെ കിണറുകളിലെ വെള്ളം ഉപയോഗിക്കുന്നതു പോലും ആശങ്കയോടെയാണ്. പുത്തൻ തോട്ടിൽ മാലിന്യം പാട കെട്ടിയ രൂപത്തിലാണിപ്പോൾ. തോട്ടിലെ വെള്ളത്തിന് ദുർഗന്ധവും നിറംമാറ്റവും ഉണ്ട്.
താന്ന്യം പഞ്ചായത്ത് അംഗം ഷൈനി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ പഞ്ചായത്തിൽ പരാതി നൽകിയിട്ടും നടപടിയില്ലാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം കുടുംബാംഗങ്ങൾ ചിറ്റിലായിലെ മുല്ലത്തറക്ക് മുന്നിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചിരുന്നു. പഴുവിൽ-കിഴുപ്പിള്ളിക്കര പ്രധാന പാതയോരത്ത് തെരുവുവിളക്കുകൾ സ്ഥാപിക്കാനും പാഴ്ചെടികൾ വെട്ടി കാമറകൾ സ്ഥാപിക്കാനും പ്രതിഷേധയോഗം ആവശ്യപ്പെട്ടു. ചാഴൂർ, താന്ന്യം പഞ്ചായത്തുകൾ അടിയന്തര നടപടികൾ എടുക്കണമെന്നും ആവശ്യപ്പെട്ടു. പ്രതിഷേധ പരിപാടിയറിഞ്ഞ് അന്തിക്കാട് പൊലീസും സ്ഥലത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.