തിരുവനന്തപുരം: ചൂടേറിയ പ്രചാരണത്തിനൊടുവിൽ വയനാട്ടിലും ചേലക്കരയിലും കൊട്ടിക്കലാശം. രണ്ട് മണ്ഡലങ്ങളിലും ബുധനാഴ്ചയാണ് വോട്ടെടുപ്പ്. യു.ഡി.എഫ് തിരുവമ്പാടിയിലും എൽ.ഡി.എഫ് കൽപറ്റയിലും എൻ.ഡി.എ സുൽത്താൻ ബത്തേരിയിലുമാണ് കൊട്ടിക്കലാശം നടത്തിയത്.
പ്രിയങ്ക ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും സാന്നിധ്യമാണ് വയനാട്ടിലെ കൊട്ടിക്കലാശത്തിന്റെ ഹൈലൈറ്റ്. താൻ വീണ്ടും തിരിച്ചുവരുമെന്ന് മലയാളത്തിൽ പറഞ്ഞു കൊണ്ടാണ് പ്രിയങ്ക ഗാന്ധി മടങ്ങിയത്. വൻ വിജയം നേടുമെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി സത്യൻ മൊകേരിയും വയനാട്ടിൽ ചരിത്രം കുറിക്കുമെന്ന് എൻ.ഡി.എ സ്ഥാനാർഥി നവ്യ ഹരിദാസും വ്യക്തമാക്കി.
ചേലക്കരയിലും കലാശക്കൊട്ട് മൂന്ന് മുന്നണികളും ആഘോഷമാക്കി. എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർഥികളുടെ റോഡ്ഷോ ചേലക്കര ബസ്റ്റാൻഡിൽ നടന്നു. കലാശക്കൊട്ടിൽ യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസിനൊപ്പം പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും പങ്കെടുത്തു. എൽ.ഡി.എഫ് സ്ഥാനാർഥി യു.ആർ പ്രദീപും എൻ.ഡി.എ സ്ഥാനാർഥി കെ. ബാലകൃഷ്ണനും കലാശക്കൊട്ടിൽ പങ്കെടുത്തു.
കാൽനൂറ്റാണ്ടായി സി.പി.എമ്മിന്റെ പൊന്നാപുരം കോട്ടയായ ചേലക്കരയിൽ കനത്ത പോരാട്ടമാണ് യു.ഡി.എഫും എൻ.ഡി.എയും നടത്തുന്നത്. രണ്ടുദിവസം മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടാണ് പ്രചാരണം നയിച്ചത്. രാഷ്ട്രീയ വിജയം ലക്ഷ്യമിടുന്ന ചേലക്കരയിൽ കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷ നേതാവുമാണ് പ്രചാരണം ഏകോപിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.