തൃശൂർ: നൂറുകണക്കിന് പേജുകളുള്ള നോവലുകൾ വായിക്കാൻ എളുപ്പവഴി തേടുന്നവർ ഡി. മനോജിന്റെ ചിത്രങ്ങൾ കണ്ടാൽ മതിയാകും. ദിവസങ്ങളെടുത്ത് വായിച്ചുതീർക്കേണ്ട കഥകളുടെ ഉള്ളടക്കം ഒറ്റയിരിപ്പിൽ മനസ്സിലാക്കാം. കോട്ടയം വൈക്കം സ്വദേശിയാണ് മനോജ്. ചിത്രരചനയും ഫോട്ടോഗ്രഫിയുമാണ് ഇഷ്ടമേഖല. ‘ഖസാക്കിന്റെ ഇതിഹാസം’ നോവലിൽ പരാമർശിച്ച രീതിയിൽ ചിത്രങ്ങൾ പകർത്താൻ 200ലധികം തവണ നോവൽ വായിച്ചിട്ടുണ്ടെന്ന് മനോജ് പറയുന്നു. ‘കെന്റാക്സ് കെ-1000’ എന്ന പഴയ കാമറയിൽ തസറാക്കിന്റെ ചിത്രങ്ങൾ പകർത്തിയെങ്കിലും പിൽക്കാലത്ത് നഷ്ടമായി. 15 വർഷങ്ങൾക്കുമുമ്പ് വീണ്ടും ചിത്രങ്ങളെടുത്തു.
ചിത്രങ്ങളെടുത്ത് അടിക്കുറിപ്പ് തയാറാക്കുന്ന പതിവിന് വിപരീതമായി അടിക്കുറിപ്പുകൾ നേരത്തേ തയാറാക്കി ചിത്രം എടുക്കുന്ന രീതിയാണ് മനോജിന്. നോവൽ രചനക്ക് സാഹിത്യകാരൻമാർ പോയ ഇടങ്ങളിലെല്ലാം സഞ്ചരിച്ചു.
എഴുത്തുകാർ വരച്ചിട്ട ഋതുക്കൾ പകർത്താൻ മാസങ്ങൾ കാത്തിരുന്നു. ‘മയ്യഴിപ്പുഴയുടെ തീരങ്ങൾ’, ‘നാലുകെട്ട്’, ‘തീക്കടൽ കടഞ്ഞ് തിരുമധുരം’, ‘സ്മാരക ശിലകൾ’ എന്നീ നോവലുകളിലെ ഇതിവൃത്ത ചിത്രങ്ങളാണ് ഇതിനകം പകർത്തിയത്. അഞ്ചും പുസ്തകമായിട്ടുണ്ട്. ബഷീർ, മാധവിക്കുട്ടി എന്നിവരുടെ കൃതികളും കോവിലന്റെ ‘തട്ടകം’, യു.എ. ഖാദറിന്റെ ‘തൃക്കോട്ടൂർ പെരുമ’, അരുന്ധതി റോയിയുടെ ‘ഗോഡ് ഓഫ് സ്മാൾ തിങ്സ്’ എന്നിവയും ചിത്രങ്ങളാക്കാനുള്ള ശ്രമത്തിലാണിപ്പോൾ.
നാട്ടിലും മറുനാട്ടിലുമായി 120ലധികം പ്രദർശനങ്ങൾ നടത്തിക്കഴിഞ്ഞു. യു.എ. ഖാദർ പുരസ്കാരം, ലളിതകല അക്കാദമി അവാർഡ്, ദർശന അവാർഡ്, ആത്മായനങ്ങളുടെ ഖസാക്ക് അവാർഡ് എന്നീ പുരസ്കാരങ്ങൾ തേടിയെത്തിയിട്ടുണ്ട്.Five novels can be read in five minutesകേരള സാഹിത്യ അക്കാദമിയുടെ സാർവദേശീയ സാഹിത്യമേളയുടെ ഭാഗമായി തൃശൂർ ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ നടക്കുന്ന നോവൽ ചിത്ര പ്രദർശനം ഫെബ്രുവരി രണ്ടിന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.